ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെന്ന് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺ കുമാർ . മലമ്പുഴയിൽ അരുൺ സ്ഥാനാർത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അരുൺ കുമാർ സ്ഥാനാർത്ഥിത്വത്തെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കിയത് . തങ്ങൾ എല്ലായ്പ്പോഴും ഒരു പാർട്ടി കുടുംബമാണെന്നും പാർട്ടി ഇതുവരെ തന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയുടെ തീരുമാനത്തിൽ താൻ ഉറച്ചുനിൽക്കുമെന്നും അരുൺ കൂട്ടിച്ചേർത്തു.
‘ഇതുവരെ തിരഞ്ഞെടുപ്പിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. എനിക്ക് ഇതുവരെ അതിനെക്കുറിച്ച് ഒന്നും അറിയില്ല ഞങ്ങൾ ഒരു പാർട്ടി കുടുംബമാണ്. സുരേഷ് കോൺഗ്രസ് സ്ഥാനാർത്ഥിയാണെന്ന വാർത്ത ഞാൻ കേട്ടിട്ടില്ല. അതെല്ലാം അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ്. പാർട്ടിയുടെ തീരുമാനമാണ് ഞങ്ങൾക്ക് പ്രധാനം,’ അരുൺ വ്യക്തമാക്കി.
വി.എസ്. അച്യുതാനന്ദന്റെ പേഴ്സണൽ അസിസ്റ്റന്റായിരുന്ന എ. സുരേഷ് മലമ്പുഴയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതേത്തുടർന്ന്, മലമ്പുഴയിൽ അരുൺ സ്ഥാനാർത്ഥിയാകുമെന്നും അഭ്യൂഹങ്ങളുണ്ടായി . മലമ്പുഴയിലെ തന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് സുരേഷ് കോൺഗ്രസ് നേതാക്കളുമായി നേരിട്ട് ചർച്ച നടത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനുപകരം യുഡിഎഫിൽ സ്വതന്ത്രനായി മത്സരിക്കാനാണ് സുരേഷ് താൽപര്യം പ്രകടിപ്പിച്ചത്.
യുഡിഎഫിന് വലിയ പിന്തുണയില്ലാത്ത മണ്ഡലമാണ് മലമ്പുഴ. 2016-ൽ വി എസ് അച്യുതാനന്ദൻ വിജയിച്ച അവസാന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 35,333 വോട്ടുകൾ ലഭിച്ചു. എ പ്രഭാകരൻ വിജയിച്ച അവസാന തിരഞ്ഞെടുപ്പിൽ അവർക്ക് 35,444 വോട്ടുകൾ ലഭിച്ചു.

