കോഴിക്കോട്: വിവാഹ വാഗ്ദാനം നൽകി പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വ്ലോഗർ അറസ്റ്റിൽ. കാസർകോട് കൊടിയമ്മ ചേപ്പിനടുക്കം വീട്ടിൽ മുഹമ്മദ് സാലി (35) നെയാണ് വിദേശത്ത് നിന്ന് മടങ്ങു വരുമ്പോൾ മംഗലാപുരം വിമാനത്താവളത്തിൽ വെച്ച് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിൽ “ശാലു കിംഗ് മീഡിയ”, “ശാലു കിംഗ് വ്ളോഗ്സ്”, “ശാലു കിംഗ് ഫാമിലി” എന്നീ പേരുകളിൽ സജീവമാണ് മുഹമ്മദ് സാലി .
2016 ൽ ഇയാൾ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തിൽ ഇയാൾക്ക് മൂന്ന് മക്കളുമുണ്ട്. ആദ്യ ഭാര്യയുമായി പിണങ്ങി കഴിയുമ്പോഴാണ് 15 കാരിയെ പരിചയപ്പെടുന്നത് . ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ് എന്നിവ വഴിയാണ് സാലിയും പെൺകുട്ടിയും തമ്മിലുള്ള ബന്ധം ആരംഭിച്ചത് . വിവാഹം കഴിക്കാമെന്ന വ്യാജേന പെൺകുട്ടിയെ സാലി പീഡിപ്പിക്കുകയായിരുന്നു.
സാലിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് ഇയാൾ വിദേശത്തേക്ക് കടന്നു . വിദേശത്തു നിന്നും മംഗലാപുരം വിമാനത്താവളം വഴി എത്തിയപ്പോഴായിരുന്നു പോലീസ് പിടികൂടിയത്.വൈദ്യപരിശോധനയ്ക്ക് ശേഷം കൊയിലാണ്ടി ജെസിഎം കോടതിയിൽ ഹാജരാക്കിയ സാലിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

