ഇടുക്കി: ബസ് സ്റ്റാൻഡിൽ മദ്യപിച്ച യാത്രക്കാരനെ കെഎസ്ആർടിസി ജീവനക്കാർ തല്ലുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ബുധനാഴ്ച വൈകുന്നേരം അടിമാലിയിൽ നിന്ന് തൊടുപുഴയിലേക്കുള്ള ബസിൽ യാത്ര ചെയ്യുകയായിരുന്ന മദ്യപിച്ച യാത്രക്കാരൻ സഹയാത്രികരുമായി തർക്കത്തിൽ ഏർപ്പെട്ടതായി ജീവനക്കാർ പറഞ്ഞു. ബസ് തൊടുപുഴ സ്റ്റാൻഡിൽ എത്തിയപ്പോൾ ഇയാൾ മറ്റ് യാത്രക്കാരെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു.
തുടർന്ന് മൂന്ന് കെ എസ് ആർ ടി സി ജീവനക്കാർ ചേർന്ന് ഇയാളെ തല്ലിയെന്നാണ് പരാതി. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നെങ്കിലും യാത്രക്കാരൻ പരാതി നൽകാത്തതിനാൽ പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടെന്നും അന്വേഷണം തുടങ്ങിയെന്നും ഇടുക്കി ഡിറ്റിഒ അറിയിച്ചു.

