ലോകത്ത് കാൻസറുകളിൽ അഞ്ചാം സ്ഥാനമാണ് ഉദരത്തിലെ കാൻസറിനുള്ളത്. ഓരോ വർഷവും 10 ലക്ഷത്തിലധികം പേർക്കാണ് ഈ കാൻസർ ബാധിക്കുന്നത് . മറ്റ് രോഗങ്ങളെ അപേക്ഷിച്ച് ഉദരത്തിലെ കാൻസർ കണ്ടെത്താൻ വളരെ പ്രയാസമാണ്. ആദ്യഘട്ടങ്ങളിൽ പ്രത്യേകിച്ച് ലക്ഷണങ്ങളും പ്രകടമാക്കില്ല. ചെറിയ ചില ഉദരരോഗങ്ങളായി കരുതിയാകും ഉപേക്ഷ വിചാരിക്കുക.
ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് വ്യാപിക്കും വരെ ഈ കാൻസർ തിരിച്ചറിയാനാകാതെ പോകാറാണ് പതിവ് . ഉദരത്തിനുണ്ടാകുന്ന ചെറിയ അസ്വസ്ഥതയോ വായുസംബന്ധമായ പ്രശ്നങ്ങളോ അത്ര ഗൗരവമാക്കേണ്ടതില്ല. വല്ലപ്പോഴും ഇങ്ങനെ ഉണ്ടാകുന്നതിൽ ഭയപ്പെടാനില്ല. എന്നാൽ ഇത് പതിവായി ഉണ്ടായാൽ തീർച്ചയായും വൈദ്യ സഹായം തേടണം.
ദഹനക്കേട്, നെഞ്ചെരിച്ചിൽ, വയറു കമ്പിക്കൽ എന്നിവ മിക്ക ആളുകളിലും ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് . എന്നാൽ ഇത്തരം ആരോഗ്യപ്രശ്നങ്ങൾ തുടരുകയാണെങ്കിൽ അത് അവഗണിക്കാതെ ഈ ലക്ഷണങ്ങളെ ഗൗരവമായെടുക്കണം.
ഇടയ്ക്ക് വയറുവേദനയോ, അസ്വസ്ഥതയോ ഉണ്ടായാൽ പരിഭ്രമിക്കേണ്ടതില്ല. എന്നാൽ തുടർച്ചയായി ഇത്തരം അസ്വസ്ഥതകൾ ഉണ്ടായാൽ തീർച്ചയായും വൈദ്യസഹായം തേടണം.
ഭക്ഷണത്തിന്റെ പ്രശ്നം മൂലം ഓക്കാനം, ഛർദ്ദി എന്നിവ ഉണ്ടാകാം. എന്നാൽ തുടർച്ചയായി ഇങ്ങനെയുണ്ടായാൽ അവഗണിക്കരുത്. മറ്റ് ലക്ഷണങ്ങളോടൊപ്പം തുടർച്ചയായി ഓക്കാനവും, ഛർദ്ദിയും ഉണ്ടായാൽ ചികിത്സാസഹായം തേടണം.
പെട്ടെന്നുണ്ടാകുന്ന വിശപ്പില്ലായ്മ ഗുരുതരമായ രോഗത്തിന്റെ ലക്ഷണമാകാം. കുറച്ച് മാത്രം ഭക്ഷണം കഴിച്ചയുടനെ വയർ നിറഞ്ഞതായി തോന്നുന്ന അവസ്ഥയും ഗൗരവത്തിലെടുക്കണം.
അകാരണമായി ശരീരഭാരം കുറയുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നത്തിന്റെ സൂചനയാണ്. നമ്മൾ ശ്രമിക്കാതെ തന്നെ ശരീരഭാരം കുറയുകയും ഒപ്പം മറ്റ് ലക്ഷണങ്ങൾ പ്രകടമാകുകയും ചെയ്താൽ വൈദ്യസഹായം തേടണം.
മലം കറുത്തനിറത്തിൽ പോകുന്നത് അന്നനാളത്തിലെ രക്തസ്രാവത്തിന്റെ സൂചനയാണ് . ഇത് ഗുരുതരമായ രോഗസൂചനയാണ്. ഉടൻ തന്നെ ഡോക്ടറെ കാണുകയാണ് വേണ്ടത് . അയൺ ഗുളികൾ പോലുള്ള മരുന്നുകൾ , ചില ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നവർക്കും കറുത്ത നിറത്തിൽ മലം പോകാം.
വിവിധ കാരണങ്ങൾ കൊണ്ട് വിളർച്ച ഉണ്ടാകാം . അതിൽ ഒരു കാരണമാണ് ഉദരത്തിലെ കാൻസർ. ഹീമോഗ്ലോബിന്റെ അളവ് കുറവാണെന്ന് കണ്ടാൽ വൈദ്യപരിശോധന നടത്തണം.

