കൊച്ചി: ബലാത്സംഗക്കേസിലെ പ്രതിയായ റാപ്പർ വേടൻ ചോദ്യം ചെയ്യലിനായി പൊലീസ് സ്റ്റേഷനിലെത്തി . രാവിലെ 9.30 ന് തൃക്കാക്കര പോലീസ് സ്റ്റേഷനിലാണ് വേടൻ എത്തിയത്. കേസിനെക്കുറിച്ച് ഇപ്പോൾ സംസാരിക്കാൻ കഴിയില്ലെന്നും ആദ്യം ചോദ്യം ചെയ്യലിന് ഹാജരായ ശേഷം വരുമെന്നും വേടൻ മാധ്യമങ്ങളോട് പറഞ്ഞു. തിരിച്ചെത്തിയാൽ കൂടുതൽ പ്രതികരിക്കാമെന്നും ചോദ്യം ചെയ്യലുമായി പൂർണ്ണമായും സഹകരിക്കുമെന്നും വേടൻ വ്യക്തമാക്കി.
പ്രത്യേക വ്യവസ്ഥകളിൽ ബലാത്സംഗ കേസിൽ വേടന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു . ഒപ്പം ഇന്നും നാളെയും അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര എസ്എച്ച്ഒയുടെ മുമ്പാകെ ഹാജരാകാനും നിർദ്ദേശിച്ചിരുന്നു. വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിലാണ് വേടനെ ചോദ്യം ചെയ്യുക. അറസ്റ്റ് ചെയ്യപ്പെട്ടാൽ, ഒരു ലക്ഷം രൂപയുടെ സ്വന്തം ബോണ്ടിലും അതേ തുകയ്ക്കുള്ള രണ്ട് ആൾജാമ്യത്തിലും അദ്ദേഹത്തെ വിട്ടയക്കണം. കോടതിയുടെ അനുമതിയില്ലാതെ ഇന്ത്യ വിട്ടുപോകരുത് എന്നതായിരുന്നു ജാമ്യ വ്യവസ്ഥകൾ.
അതേസമയം ആരോപണങ്ങൾക്കിടെ കഴിഞ്ഞ ദിവസം പത്തനംതിട്ട കോന്നിയിൽ നടന്ന സംഗീത പരിപാടിയിൽ വേടൻ പങ്കെടുത്തിരുന്നു. താൻ എവിടെയും പോയിട്ടില്ലെന്നാണ് പരിപാടിയ്ക്കിടെ വേടൻ പറഞ്ഞത്. ‘ ഒരുപാട് ആളുകൾ വിചാരിക്കുന്നത് വേടൻ എവിടെയോ പോയി എന്നാണ്. ഒരു കലാകാരൻ എവിടെയും പോകുന്നില്ല. ഞാനെന്റെ ഈ ഒറ്റ ജീവിതം ജനങ്ങളുടെ മുന്നില്‍ ജീവിച്ചുമരിക്കാന്‍ തന്നെയാണ് വന്നിരിക്കുന്നത്’: എന്നാണ് വേടന് പറഞ്ഞത്.

