കണ്ണൂർ ; വന്ദേഭാരതിന് കല്ലെറിയുന്നവരുടെ ചിത്രം പുറത്ത് . പാളത്തിന് സമീപം പതുങ്ങിയിരുന്ന് കല്ലെറിഞ്ഞവരുടെ ചിത്രം ഗരീബ് രഥിലെ മാനേജറാണ് മൊബൈലിൽ പകർത്തിയത്. ധർമ്മടം ചേലൂർ സ്വദേശി സുമാ ചെള്ളത്താണ് ഓടുന്ന വണ്ടിയിൽ നിന്ന് അക്രമികളുടെ ചിത്രം പകർത്തിയത്. ഈ ചിത്രത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിയാനുമായെന്ന് ആർ പി എഫ് പറഞ്ഞു.തിരുവനന്തപുരം – മുംബൈ ഗരീബ് രഥിലെ മാനേജരാണ് സുമ .
ഞായറാഴ്ച്ച വൈകിട്ടായിരുന്നു സംഭവം . ട്രെയിൻ കല്ലായി സ്റ്റേഷൻ കടന്ന് പോകുമ്പോൾ മറുലൈനിലൂടെ കാസർകോട് നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള വന്ദേഭാരത് പോകുന്നുണ്ടായിരുന്നു. ഇതിനിടെ രണ്ട് പേർ വന്ദേഭാരതിനെ ലക്ഷ്യമിട്ട് കല്ലുമായി പാളത്തിന് സമീപം നിൽക്കുന്നത് സുമയുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ ഇവരുടെ ചിത്രം പകർത്തി ആർ പി എഫിന് അയച്ചു. കാര്യം സ്റ്റേഷൻ മാസ്റ്ററെ വിളിച്ച് അറിയിക്കുകയും ചെയ്തു. നിരവധി പേരാണ് ഇക്കാര്യത്തിൽ സുമയെ അഭിനന്ദിച്ച് രംഗത്തെത്തുന്നത് .

