കോഴിക്കോട്: രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റുമായ പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു. 64 വയസ്സായിരുന്നു. തിക്കോടി പെരുമാൾപുരത്തുള്ള ഉഷസ് ഹൗസിൽ പുലർച്ചെ ഒരു മണിയോടെ കുഴഞ്ഞുവീഴുകയായിരുന്നു . അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാർലമെന്റ് സമ്മേളനത്തിന് ഡൽഹിയിലായിരുന്നതിനാൽ സംഭവസമയത്ത് പി.ടി. ഉഷ വീട്ടിലുണ്ടായിരുന്നില്ല.
പൊന്നാനി കുറ്റിക്കാടുള്ള വെങ്ങലി തറവാട്ടിലെ നാരായണന്റെ മകനാണ് ശ്രീനിവാസൻ. കബഡി താരവും സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (സി.ഐ.എസ്.എഫ്) വിരമിച്ച ഡിവൈ.എസ്.പിയുമായിരുന്നു അദ്ദേഹം. 1991 ലാണ് അദ്ദേഹം തന്റെ അകന്ന ബന്ധുവായ ഉഷയെ വിവാഹം കഴിച്ചത് . ദമ്പതികൾക്ക് ഡോ. ഉജ്വൽ വിഗ്നേഷ് എന്നൊരു മകനുണ്ട്. സംസ്കാര ചടങ്ങുകൾക്കുള്ള സമയം നിശ്ചയിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

