തിരുവനന്തപുരം : പ്രിയ സഖാവിന് അന്ത്യാജ്ഞലി അർപ്പിക്കാൻ തലസ്ഥാനത്തേയ്ക്ക് ഒഴുകിയെത്തുന്നത് പതിനായിരങ്ങൾ . പാർട്ടി പ്രവർത്തകർ മാത്രമല്ല , സാധാരണക്കാരായ നാട്ടുകാരും മണ്മറഞ്ഞ സഖാവിനെ ഒരു നോക്ക് കാണാനായി മഴയെ വകവയ്ക്കാതെ എത്തുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരും പ്രണാമം അർപ്പിക്കാൻ തിരുവനന്തപുരത്തെ ലോ കോളേജ് ജംഗ്ഷനിലുള്ള വേലിക്കകം വീട്ടിൽ എത്തി . മന്ത്രി വി. ശിവൻകുട്ടി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുടങ്ങി നിരവധി നേതാക്കളും വീട്ടിലെത്തിയിരുന്നു.
വീട്ടിൽ പൊതുദർശനത്തിന് വച്ച ശേഷം വി.എസിന്റെ മൃതദേഹം സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലേക്ക് കൊണ്ടുപോയി. ഉച്ചയ്ക്ക് 2 മണി വരെ ദർബാർ ഹാളിൽ പൊതുദർശനത്തിന് വയ്ക്കുമെന്നും തുടർന്ന് മൃതദേഹം ജന്മനാടായ ആലപ്പുഴയിലേക്ക് പൊതുദർശനത്തിന് കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിൽ ജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാൻ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.
തിരുവനന്തപുരത്തെ 27 കേന്ദ്രങ്ങളിലൂടെയാണ് മൃതദേഹം കടന്നുപോകുക. പാളയം, പിഎംജി, പ്ലാമൂട്, പട്ടം, കേശവദാസപുരം, ഉള്ളൂർ, പോങ്ങുംമൂട്, ശ്രീകാര്യം, കണിയാപുരം, പള്ളിപ്പുറം, മംഗലപുരം, ആറ്റിങ്ങൽ ബസ് സ്റ്റാൻഡ്, കച്ചേരിനട, ആലംകോട്, കടുവയിൽ, കല്ലമ്പലം, നാവായിക്കുളം, 28-ാം മൈൽ, കടമ്പാട്ടുകോണം എന്നിവയാണ് കേന്ദ്രങ്ങൾ. കൊല്ലത്തും വിവിധ കേന്ദ്രങ്ങളിൽ പൊതുദർശനത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. വൈകിട്ട് ആലപ്പുഴ വേലിക്കകം ഹൗസിൽ പൊതുദർശനം നടത്തും
അച്യുതാനന്ദന് അന്തിമോപചാരം അർപ്പിക്കാൻ ചൊവ്വാഴ്ച രാവിലെ തന്നെ ആയിരക്കണക്കിന് ആളുകളാണ് തിരുവനന്തപുരം ലോ കോളേജ് ജംഗ്ഷനിലുള്ള വേലിക്കകത്തെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. സാധാരണക്കാരും പാർട്ടി നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു. ആദരാഞ്ജലിയുടെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 7 മണി മുതലാണ് നിയന്ത്രണങ്ങൾ. സെക്രട്ടേറിയറ്റിലേക്ക് വാഹന ഗതാഗതം അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചു.ചെറിയ വാഹനങ്ങളിൽ വരുന്നവർ യൂണിവേഴ്സിറ്റി കാമ്പസ്, വെള്ളയമ്പലം വാട്ടർ അതോറിറ്റി പാർക്കിംഗ് ഗ്രൗണ്ട്, ജിമ്മി ജോർജ് സ്റ്റേഡിയം ഗ്രൗണ്ട്, ടാഗോർ തിയേറ്റർ ഗ്രൗണ്ട്, തൈക്കാട് പി.ടി.സി ഗ്രൗണ്ട് എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം.
വലിയ വാഹനങ്ങൾ ആറ്റുകാൽ ടെമ്പിൾ ഗ്രൗണ്ട്, കവടിയാർ സാൽവേഷൻ ആർമി ഗ്രൗണ്ട്, പൂജപ്പുര ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. മറ്റ് സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. വിലാപയാത്ര കടന്നുപോകുന്ന സ്ഥലങ്ങളിൽ വാഹന പാർക്കിംഗ് അനുവദിക്കില്ല. ഗതാഗതക്കുരുക്ക് ഉണ്ടായാൽ വാഹനങ്ങൾ വഴിതിരിച്ചുവിടുമെന്ന് പോലീസ് അറിയിച്ചു.

