പാലക്കാട്: എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെ രാഷ്ട്രീയമായി ആളുകൾ വേട്ടയാടുകയാണെന്ന് വി കെ ശ്രീകണ്ഠൻ എംപി . എന്തെങ്കിലും കേട്ടാലുടൻ രാജി ആവശ്യപ്പെടുന്നത് ഇവിടുത്തെ പ്രവണതയാണെന്നും മാധ്യമങ്ങളോട് സംസാരിക്കവെ വി കെ ശ്രീകണ്ഠൻ എംപി പറഞ്ഞു. മാത്രമല്ല പരാതി ഉന്നയിച്ച യുവതികളെയും എം പി ആക്ഷേപിച്ചു.
ആരോപണം ഉന്നയിച്ച ആളുകൾ അർദ്ധനഗ്ന വസ്ത്രത്തിൽ മന്ത്രിമാരെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നില്ലേ .പാർട്ടിയുടെ നിർദ്ദേശപ്രകാരമാണ് രാഹുൽ രാജിവച്ചത്. പലരുടെയും ചാറ്റുകൾ, വെളിപ്പെടുത്തലുകൾ ഉണ്ട്, പക്ഷേ അവരാരും പരാതിക്കാരല്ല. പരാതി നൽകിയിട്ടില്ല. നമ്മുടെ സംസ്ഥാനത്ത് ഒരു നീതിന്യായ വ്യവസ്ഥയുണ്ട്. ഇത്തരമൊരു സംഭവം എനിക്ക് സംഭവിച്ചിട്ടുണ്ടെങ്കിൽ ഞാൻ പരാതി നൽകണം. മറ്റൊരാൾക്ക് സംഭവിച്ച സംഭവത്തെക്കുറിച്ച് പരാതി നൽകിയാൽ, അത് എത്ര കാലം നിലനിൽക്കും.
ആരോപണം ഉന്നയിച്ച ആളുകൾ ഇതുവരെ രേഖാമൂലം പരാതി നൽകിയിട്ടില്ല. ഇത്രയും വലിയൊരു വിവാദം സൃഷ്ടിച്ചതിനു ശേഷം, പാർട്ടി ആവശ്യമായ നടപടികൾ സ്വീകരിച്ചു. മറ്റേതെങ്കിലും പാർട്ടി ഇത്ര വേഗത്തിൽ നടപടി സ്വീകരിച്ചിട്ടുണ്ടോ?
ഗുരുതരമായ വിഷയങ്ങളിൽ കോൺഗ്രസ് പാർട്ടി കർശന നടപടി സ്വീകരിക്കും. അതിൽ ഒരു വിട്ടുവീഴ്ചയുമില്ല. ഈ ആരോപണം ഉയർന്നയുടനെ അദ്ദേഹത്തോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടു. എംഎൽഎ സ്ഥാനം ആർക്കെങ്കിലും പെട്ടെന്ന് രാജിവയ്ക്കാൻ കഴിയുമോ? ബിജെപിയുടെ സഖ്യകക്ഷിയിലുള്ള കർണാടകയിൽ നിന്നുള്ള എംപിയുടെ ആയിരക്കണക്കിന് വീഡിയോകൾ പുറത്തുവന്നു. നൂറുകണക്കിന് പരാതികൾ ലഭിച്ചു. എംപി സ്ഥാനം രാജിവയ്ക്കാതെ ജയിലിലായിരുന്നു. നിങ്ങൾക്കറിയാമോ? കോടതി അദ്ദേഹത്തെ അയോഗ്യനാക്കി. ഇത്രയും ഗുരുതരമായ വീഴ്ച ഇവിടെ സംഭവിച്ചിട്ടുണ്ടോ . കോൺഗ്രസ് അതിനെ പ്രോത്സാഹിപ്പിക്കുന്ന പാർട്ടിയല്ല. മുഖം നോക്കാതെ കർശന നടപടിയെടുക്കുന്ന പാർട്ടിയാണ് കോൺഗ്രസ്,’ വി കെ ശ്രീകണ്ഠൻ പറഞ്ഞു.

