തിരുവനന്തപുരം: യൂണിവേഴ്സിറ്റി ആക്ടിലെ സെക്ഷൻ 10(13) പ്രകാരമുള്ള പ്രത്യേക അധികാരങ്ങൾ ഉപയോഗിച്ച് കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടിയ്ക്കെതിരെ ഇടതുപക്ഷ സിൻഡിക്കേറ്റ് അംഗങ്ങൾ.
“പ്രത്യേക അധികാരം വൈസ് ചാൻസലർ ദുരുപയോഗം ചെയ്തു. ഇതിന് സിൻഡിക്കേറ്റിന്റെ അംഗീകാരം ലഭിച്ചിട്ടില്ല,” എന്നാണ് ഇടതുപക്ഷ സിൻഡിക്കേറ്റ് അംഗം ഡോ. എസ്. നസീബ് പറഞ്ഞത്. സസ്പെൻഷൻ റദ്ദാക്കുമെന്നും രജിസ്ട്രാറെ തുടരാൻ അനുവദിക്കുമെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ പറയുന്നു.
അടിയന്തര സാഹചര്യത്തിൽ, സിൻഡിക്കേറ്റിന്റെയോ അക്കാദമിക് കൗൺസിലിന്റെയോ അഭാവത്തിൽ സിൻഡിക്കേറ്റിന്റെയും അക്കാദമിക് കൗൺസിലിന്റെയും അധികാരങ്ങൾ ഉപയോഗിച്ച് വിസിക്ക് നടപടിയെടുക്കാൻ കഴിയും. അടുത്ത സിൻഡിക്കേറ്റിലോ അക്കാദമിക് കൗൺസിലിലോ തീരുമാനം അറിയിക്കുക മാത്രമാണ് വേണ്ടത്. സാധാരണയായി, ഈ അധികാരം ഉപയോഗിച്ച് വിസിമാർ കടുത്ത നടപടി സ്വീകരിക്കാറില്ല.
അതേസമയം സസ്പെൻഷൻ റദ്ദാക്കുമെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ പറയുന്നുവെങ്കിലും .സിൻഡിക്കേറ്റ് ചെയർമാനായ വിസി യോഗം വിളിക്കുകയോ യോഗം വിളിക്കാൻ മറ്റാരെയെങ്കിലും നിയോഗിക്കുകയോ വേണം. സിൻഡിക്കേറ്റ് അറുപത് ദിവസത്തിലൊരിക്കൽ യോഗം ചേരണം. അവസാന യോഗം 10 ദിവസം മുമ്പായിരുന്നു. സിൻഡിക്കേറ്റ് അംഗങ്ങൾ ഒരു യോഗം ചേർന്ന് തീരുമാനമെടുക്കുകയാണെങ്കിൽ പോലും, അതിന് വൈസ് ചാൻസലറുടെ അനുമതിയും ആവശ്യമാണ്.
സർവകലാശാല സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രവിവാദത്തിൽ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിനെതിരെ കഴിഞ്ഞ ദിവസമാണ് രാജ്ഭവന് റിപ്പോർട്ട് നൽകിയത്. പരിപാടി വൈകിയതും അവസാന നിമിഷം റദ്ദാക്കിയതും സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട ഗവർണർ ആർ.വി. ആർലേക്കറുടെ നിർദ്ദേശത്തെ തുടർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
രജിസ്ട്രാർ ബാഹ്യ സമ്മർദ്ദത്തിന് വഴങ്ങി പ്രവർത്തിച്ചുവെന്നും ഗവർണറുടെ പരിപാടിയിൽ പങ്കെടുക്കുന്നത് മനഃപൂർവ്വം തടയാൻ ശ്രമിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. അനുമതി റദ്ദാക്കുന്നതിന് സാധുവായ ഒരു കാരണവുമില്ലെന്നും ഗവർണർ വേദിയിലെത്തിയതിനുശേഷം മാത്രമാണ് റദ്ദാക്കൽ ഇമെയിൽ രാജ്ഭവന് അയച്ചതെന്നും ചൂണ്ടിക്കാണിക്കുന്നു. ഭാരതാംബ ചിത്രത്തെ രജിസ്ട്രാർ എതിർത്തുവെന്ന് ആരോപിച്ച് സംഘാടകർ വൈസ് ചാൻസലർക്ക് പരാതിയും നൽകിയിരുന്നു . അതിനു പിന്നാലെയാണ് സസ്പെൻഷൻ.

