തിരുവനന്തപുരം:ദ്വാരപാലക പീഠവിവാദത്തില്‍ സമഗ്ര അന്വേഷണം നടക്കുന്നുവെന്ന് ദേവസ്വം മന്ത്രി വിഎന്‍ വാസവന്.ഉണ്ണിക്കൃഷ്ണന് പോറ്റിയുടേത് ആസൂത്രിതമായ ഗൂഢനീക്കമാണ്. ഇയാളുടെ ഇടപെടലില്‍ ദുരൂഹതയുണ്ട്. പരാതി ഉന്നയിച്ച ഉണ്ണികൃഷ്ണന് പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ നിന്ന് പീഠം കണ്ടെത്തിയത് ഗൂഢാലോചനയാണ് .
കൃത്യമായ വിവരം വെളിയില്‍ വരുമെന്നും ഇത് കോടതിയെ അറിയിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണ്. ഒരു ജഡ്ജിയുടെ നേതൃത്വത്തില്‍ തന്നെ അന്വേഷണം മുന്നോട്ട് പോകുന്നത് നല്ലതാണ്.
അയ്യപ്പ സംഗമം നടക്കാന്‍ അഞ്ചുദിവസം ബാക്കി നില്‍ക്കെയാണ് പീഠം വാര്‍ത്ത വന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സ്വര്‍ണം പൂശാന്‍ എന്ന പേരില്‍ 40 ദിവസം ചെന്നൈയില്‍ കൊണ്ടുപോയി. ഉണ്ണികൃഷ്ണന് പോറ്റിയുടെ ശബരിമലയിലെ സാന്നിധ്യവും ഇടപെടലും ദുരൂഹമാണ്.
ഉണ്ണികൃഷ്ണന് പോറ്റി വിദേശത്തുനിന്നും സ്വദേശത്തുനിന്നും വരുന്ന ഭക്തന്മാരെ പല രൂപത്തില്‍ ചൂഷണം ചെയ്തെന്നാണ് അറിയുന്നത്. സമഗ്ര അന്വേഷണം നടക്കട്ടെയെന്നും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടോയെന്ന് പരിശോധിക്കട്ടെയെന്നും വി എന്‍ വാസവന് പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിന് എതിരായ നീക്കം നടത്തിയവരില്‍ ഉണ്ണികൃഷ്ണന് പോറ്റിയും ഉണ്ടെന്ന് സംശയിച്ചാല്‍ തെറ്റ് പറയാനില്ലെന്നും മന്ത്രി പറഞ്ഞു.

