തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക വിഗ്രഹങ്ങളിൽ നിന്ന് സ്മാർട്ട് ക്രിയേഷൻസ് വേർതിരിച്ചെടുത്ത സ്വർണ്ണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റതായി നിർണായക മൊഴി. ബെല്ലാരിയിലെ സ്വർണ്ണ വ്യവസായിയായ ഗോവർദ്ധനാണ് ആ സ്വർണ്ണം വാങ്ങിയത്. പ്രത്യേക അന്വേഷണ സംഘം ഗോവർദ്ധന്റെ മൊഴി രേഖപ്പെടുത്തി. തെളിവെടുപ്പിനായി ഉണ്ണികൃഷ്ണൻ പോറ്റിയെ ബെല്ലാരിയിലേക്ക് കൊണ്ടുപോകുമെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, തെളിവെടുപ്പിനായി അന്വേഷണ സംഘം ഇന്ന് പുലർച്ചെ ഉണ്ണികൃഷ്ണൻ പോറ്റിയെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയി. വേർതിരിച്ചെടുത്ത സ്വർണ്ണം താൻ വിറ്റതായി ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയിരുന്നു. അതനുസരിച്ചാണ് അദ്ദേഹത്തെ ബെല്ലാരിയിലേക്ക് കൊണ്ടുപോയത്.
അതേസമയം, കേസിൽ അറസ്റ്റിലായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ മൊഴിയും നിർണായകമായി. ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം മഹസറിൽ ചെമ്പ് രജിസ്റ്റർ ചെയ്തുവെന്നതാണ് അദ്ദേഹത്തിന്റെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയും നേരത്തെ അന്വേഷണ സംഘത്തിന് സമാനമായ മൊഴി നൽകിയിരുന്നു. ഇതോടെ, ദേവസ്വം ഉന്നത ഉദ്യോഗസ്ഥർക്കെതിരായ കുരുക്കും മുറുകി . നിലവിലെ ബോർഡിന്റെ ഇടപെടൽ ഉൾപ്പെടെ എല്ലാം അന്വേഷിക്കാനാണ് ഹൈക്കോടതി ഉത്തരവ്.

