പത്തനംതിട്ട : ശബരിമല സ്വർണ്ണപ്പാളിക്കേസിൽ അറസ്റ്റിലായെങ്കിലും ആഹാരത്തിന്റെ ചിട്ടവട്ടങ്ങളിൽ വീഴ്ച്ച വരുത്താതെ ഉണ്ണിക്കൃഷ്ണൻ പോറ്റി. കോടതിയിൽ നിന്ന് പത്തനംതിട്ട എസ് പി ഓഫീസിലേയ്ക്ക് പോറ്റിയെ എത്തിച്ചത് ഉച്ചയൂണിന്റെ നേരത്താണ് . തനിക്ക് ഊണിന് തൈര് നിർബന്ധമാണെന്ന് പോറ്റി പൊലീസിനെ അറിയിച്ചു. അങ്ങനെ പൊലീസ് തൈരും തേടിയിറങ്ങി.
സമീപത്തുള്ള കടയില്‍ നിന്ന് പൊലീസ് തൈര് സംഘടിപ്പിച്ച് സൂപ്രണ്ട് ഓഫിസിലത്തിച്ചു. അപ്പോഴേക്കും പോറ്റിക്ക് മറ്റാരോ തൈര് നല്‍കിയിരുന്നു. അത് മടക്കി കൊടുക്കാൻ പൊലീസ് എത്തിയപ്പോഴാണ് കടയുടമയ്ക്ക് കാര്യം മനസിലായത്. ഇതോടെ ഇന്ന് നൽകിയത് നൽകി , ഇനി അയ്യന്റെ സ്വർണം കട്ടവന് തരാൻ ഇവിടെ തൈരില്ലെന്ന് തന്നെ കടയുടമ പൊലീസിനെ അറിയിച്ചു. തിരിച്ചെത്തിച്ച തൈരിന്റെ കാശും മടക്കി നല്കി.
ശബരിമല സ്വർണ്ണപ്പാളി മോഷണക്കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയെ ഈ മാസം 30 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു . 14 ദിവസത്തേക്കാണ് കസ്റ്റഡിയിലുണ്ടാകുക. വിശദമായി ചോദ്യംചെയ്യലും തെളിവെടുപ്പും ഉൾപ്പെടെ ഈ ദിവസങ്ങളിൽ പൂർത്തിയാക്കും. ആദ്യ തെളിവെടുപ്പിനായി ബംഗളൂരുവിലേക്ക് പോകുമെന്നാണ് സൂചന.അഭിഭാഷകരെ ഉൾപ്പെടെ പുറത്തിറക്കി രഹസ്യമായാണു കോടതി നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്. ഇതു പൂർണമായും വിഡിയോയിൽ ചിത്രീകരിച്ചു. ശബരിമലയിലെ 2 കിലോ സ്വർണം കവർന്നു എന്നതാണു കേസ്.

