ന്യൂഡൽഹി: നിലമ്പൂരിലെ വഴിക്കടവിൽ ഇലക്ട്രീക് കെണിയിൽപ്പെട്ട് 15 കാരൻ മരിച്ച സംഭവത്തിൽ കേരള സർക്കാരിനെ വിമർശിച്ച് കേന്ദ്ര വനം മന്ത്രി ഭൂപേന്ദർ യാദവ് . ദുരന്തത്തിന് കാരണം സംസ്ഥാന സർക്കാരിന്റെ അശ്രദ്ധയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മനുഷ്യജീവന് ഭീഷണിയായ കാട്ടുപന്നികളെ കൊല്ലാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഈ പ്രശ്നം പരിഹരിക്കാൻ ഉചിതമായ നടപടി സ്വീകരിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലപ്പുറത്ത് മാത്രം, ഇലക്ട്രിക് വേലികളിൽ നിന്ന് വൈദ്യുതാഘാതമേറ്റ് ആളുകൾ മരിക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അശ്രദ്ധയാണ് ഇത്തരം സംഭവങ്ങൾക്ക് കാരണം.
മനുഷ്യജീവന് ഭീഷണിയാകുന്ന കാട്ടുപന്നികളെ കൊല്ലാൻ സംസ്ഥാന വനം ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടെന്നും കേന്ദ്ര സർക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമില്ല. കേരളം മുമ്പ് ഈ അധികാരം ഉപയോഗിച്ചിട്ടുണ്ടെങ്കിലും ആവശ്യമുള്ളപ്പോൾ അത് ചെയ്യുന്നതിൽ പരാജയപ്പെടുകയാണ്.
വഴിക്കടവിലെ അനന്തുവിന്റെ മരണം ദാരുണമാണ്, 2025 ൽ മാത്രം സമാനമായ സംഭവങ്ങളിൽ മൂന്ന് പേർ മരിച്ചു . വൈദ്യുത വേലികളിൽ 240 വോൾട്ട് വൈദ്യുതി ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും യാദവ് ചൂണ്ടിക്കാട്ടി.
അപകടകാരികളായ കാട്ടുപന്നികളെ കൊല്ലാൻ കേന്ദ്രത്തിന്റെ പ്രത്യേക അനുമതി ആവശ്യമാണെന്ന് സംസ്ഥാന സർക്കാർ വാദിച്ചിരുന്നു. ആക്രമണകാരികളായ വന്യമൃഗങ്ങൾക്കെതിരെ നടപടിയെടുക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരമുണ്ടെന്ന് ആവർത്തിച്ച് പറഞ്ഞ കേന്ദ്രമന്ത്രി ഈ വാദം നിരസിക്കുകയും ചെയ്തു.