തിരുവനന്തപുരം : ഉദയകുമാർ കസ്റ്റഡി മരണക്കേസിൽ പ്രതികളായ എല്ലാ പോലീസുകാരെയും ഹൈക്കോടതി വെറുതെ വിട്ടു .സിബിഐ അന്വേഷണത്തിലെ ഗുരുതരമായ വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് കോടതി അഞ്ച് പ്രതികളെയും കുറ്റവിമുക്തരാക്കിയത് . പ്രതികളിൽ ഒരാൾ നേരത്തെ മരിച്ചിരുന്നു.
മതിയായ തെളിവുകൾ ഹാജരാക്കുന്നതിൽ സിബിഐ പരാജയപ്പെട്ടുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി . ഒന്നാം പ്രതിക്ക് സിബിഐ കോടതി വിധിച്ച വധശിക്ഷയും റദ്ദാക്കി. ഡിവൈഎസ്പി, എസ്പി, എഎസ്ഐ, സിപിഒ റാങ്കിലുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടെ ആറ് പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരുന്നത്. ഒന്നാം പ്രതി എഎസ്ഐ കെ. ജിതകുമാറിനും രണ്ടാം പ്രതി സിപിഒ എസ്.വി. ശ്രീകുമാറിനും തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി വധശിക്ഷ വിധിച്ചിരുന്നു, എന്നാൽ ഇപ്പോൾ വിധി റദ്ദാക്കി.സിബിഐ കോടതി വിധിക്കെതിരേ പ്രതികള്‍ നല്കിയ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.
വിധി കേട്ട് പൊട്ടിക്കരഞ്ഞ ഉദയകുമാറിന്റെ അമ്മ പ്രഭാവതി മകനോടൊപ്പം തന്നെയും കൊല്ലാമായിരുന്നില്ലേ എന്ന് ചോദിക്കുന്ന കാഴ്ച്ച കണ്ടു നിന്നവരിൽ നൊമ്പരമായി.
“എന്റെ മകൻ ക്രൂരമായി കൊല്ലപ്പെട്ടു. വീണ്ടും കോടതിയിൽ പോകാൻ എനിക്ക് ശക്തിയില്ല. സഹായം തേടാനും എനിക്ക് ആരുമില്ല. അന്വേഷണത്തിൽ ഒരു പോരായ്മയും ഇല്ലാതിരുന്നപ്പോൾ പ്രതികളെ എങ്ങനെ മോചിപ്പിച്ചുവെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അവരെ മോചിപ്പിക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിച്ചു. അല്ലെങ്കിൽ, അവരെ എങ്ങനെ ഇത്ര പെട്ടെന്ന് കുറ്റവിമുക്തരാക്കാൻ കഴിഞ്ഞു? ഇതിന് പിന്നിൽ ഒരാളുണ്ട്. അവരെ ശിക്ഷിക്കണം, അതാണ് എന്റെ ഒരേയൊരു ആവശ്യം. ഒരു കോടതിക്കും മനസ്സില്ല. ” പ്രഭാവതി പറഞ്ഞു.
2005 സെപ്റ്റംബർ 27 രാത്രിയാണ് തിരുവനന്തപുരം കിള്ളിപ്പാലം കീഴാറന്നൂർ കുന്നുമ്പുറം വീട്ടിൽ ഉദയകുമാർ (28 ) മരിച്ചത് . ശ്രീകണ്ഠേശ്വരം പാർക്കിൽ നിന്ന് മോഷണക്കേസ് പ്രതിയോടൊപ്പമാണ് ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തത് .തുടര്‍ന്ന് തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനില്‍ ക്രൂരമായ ലോക്കപ്പ് മര്‍ദനത്തിന് ഇരയാക്കി ഉദയകുമാറിനെ കൊലപ്പെടുത്തിയെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍.ക്രൂരമര്‍ദനത്തിനൊടുവില്‍ തുടയിലെ രക്തധമനികള്‍ പൊട്ടിയാണ് മരണം സംഭവിച്ചത്.

