മലപ്പുറം: നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിനെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ കോൺഗ്രസിനെ കൂടുതൽ സമ്മർദ്ദത്തിലാക്കി തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ . നിലമ്പൂരിൽ പിവി അൻവറിന്റെ കൂറ്റൻ ഫ്ലെക്സ് ബോർഡുകൾ പ്രവർത്തകർ സ്ഥാപിച്ചിട്ടുണ്ട്.
. “നിലമ്പൂർ സുൽത്താൻ പിവി അൻവർ തുടരും” , ‘മലയോര ജനതയുടെ പ്രതീക്ഷ, ജനങ്ങൾ നിങ്ങളോടൊപ്പമുണ്ട്’ എന്നൊക്കെയാണ് ബോർഡുകളിൽ എഴുതിയിരിക്കുന്നത് . വഴിക്കടവ്, ചുങ്കത്തറ പ്രദേശങ്ങളിലാണ് ഇപ്പോൾ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.
അതേസമയം, അൻവറിനെക്കുറിച്ച് യുഡിഎഫിനുള്ളിൽ പരസ്പരവിരുദ്ധമായ അഭിപ്രായങ്ങളുണ്ട്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ അൻവറിന്റെ കൈയിലുള്ള വോട്ടുകൾ യുഡിഎഫിന് ലഭിച്ചില്ലെങ്കിൽ അത് തിരിച്ചടിയാകുമെന്നും വിഡി സതീശനുമായി സംസാരിക്കുമെന്നും കെ സുധാകരൻ എംപി പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു.
അൻവറിനെ കൊണ്ടുവരുന്നതിൽ മുസ്ലീം ലീഗിന് താൽപ്പര്യമുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു. ‘പി.വി. അൻവറിന്റെ പാർട്ടി പ്രവേശനം കോൺഗ്രസ് ചർച്ച ചെയ്ത് തീരുമാനിക്കും. പ്രതിപക്ഷ നേതാവ് ഒറ്റയ്ക്ക് ആ തീരുമാനം എടുക്കരുത്. പാർട്ടി നേതൃത്വം മൊത്തത്തിൽ ആ തീരുമാനം എടുക്കണം. അൻവറുമായി ബന്ധപ്പെട്ട വിഷയം മുതിർന്ന നേതാക്കൾ ഇതുവരെ ചർച്ച ചെയ്തിട്ടില്ല. പുതിയ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഒരു ചർച്ച അത്യാവശ്യമാണ്. എത്രയും വേഗം അത് നടക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു,’ സുധാകരൻ പറഞ്ഞു.
എന്നാൽ, പി.വി. അൻവർ വിഷയത്തിൽ തന്റെ വാക്കുകൾ വ്യക്തിപരമല്ലെന്നും അത് കോൺഗ്രസിന്റെ തീരുമാനമാണെന്നും വി.ഡി. സതീശൻ പറഞ്ഞു. “തിരഞ്ഞെടുപ്പിൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന് പി.വി. അൻവർ തീരുമാനിക്കണം. അഭിപ്രായ വ്യത്യാസമുണ്ടായാൽ നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായും യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായും സഹകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. അദ്ദേഹം സഹകരിക്കുകയാണെങ്കിൽ, ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും. അൻവർ ഒരു തീരുമാനമെടുത്ത ശേഷം യു.ഡി.എഫ് അഭിപ്രായം പറയും,” വി.ഡി. സതീശൻ വ്യക്തമാക്കി.

