മലപ്പുറം: കാളികാവിൽ നരഭോജി കടുവയെ പിടികൂടി .വനം വകുപ്പ് സ്ഥാപിച്ച കെണിയിൽ 53-ാം ദിവസമാണ് കടുവ കുടുങ്ങിയത് . മെയ് 15 നാണ് കടുവ ചോക്കാട് പഞ്ചായത്തിലെ കല്ലമൂലയിൽ ഗഫൂറിനെ ആക്രമിച്ചു കൊന്ന് ഭക്ഷിച്ചത്. സുഹൃത്തായ അബ്ദുൾ സമദിന്റെ മുന്നിൽ വച്ചാണ് ഗഫൂറിനെ കടുവ പിടികൂടിയത്.
സമീപകാലത്തെ ഏറ്റവും വലിയ കടുവ ദൗത്യമെന്നാണ് അധികൃതർ ഇതിനെ വിശേഷിപ്പിച്ചത്. മെയ് മാസത്തിലാണ് കടുവയെ പിടിക്കാൻ കൂട് സജ്ജമാക്കിയത്. കേരള എസ്റ്റേറ്റ് സി-1 ഡിവിഷനിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.
കടുവയെ തിരയുന്നതിനും ഒരു കൂട് സ്ഥാപിക്കുന്നതിനുമായി 20 അംഗങ്ങൾ വീതമുള്ള മൂന്ന് ആർആർടി ടീമുകളെ പ്രദേശത്ത് വിന്യസിച്ചു. ലൈവ് സ്ട്രീമിംഗ് ക്യാമറകൾ, ഡ്രോണുകൾ, മൂന്ന് കൂടുകൾ എന്നിവ പ്രദേശത്ത് സജ്ജീകരിച്ചു. രണ്ട് കുങ്കി ആനകളും മൂന്ന് വെറ്ററിനറി ഡോക്ടർമാരും ദൗത്യത്തിന്റെ ഭാഗമായിരുന്നു.

