കാസർകോട് : ഭാര്യയുടെ മേൽ ആസിഡ് ഒഴിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ട് 6.30 ഓടെ ബേഡകം പോലീസ് സ്റ്റേഷൻ പരിധിയിലാണ് ആസിഡ് ആക്രമണം നടന്നത് .
സംഭവവുമായി ബന്ധപ്പെട്ട് രവീന്ദ്രനെ (59) ബേഡകം പോലീസ് അറസ്റ്റ് ചെയ്തു. രവീന്ദ്രന്റെ ഭാര്യ ജാനകി (55), സഹോദരിയുടെ മകനും ഓട്ടോറിക്ഷ ഡ്രൈവറുമായ സുരേഷ് ബാബു (36) എന്നിവർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ചൊവ്വാഴ്ച വൈകുന്നേരം ജാനകി വീടിനടുത്ത് മീൻ മുറിക്കുന്നതിനിടെയാണ് മദ്യപിച്ചെത്തിയ രവീന്ദ്രൻ പിന്നിൽ നിന്ന് വന്ന് ദേഹത്ത് ആസിഡ് ഒഴിച്ചത് . ആക്രമണത്തിൽ ജാനകിയുടെ മുതുകിലും കൈകളിലും ഗുരുതരമായ പൊള്ളലേറ്റു.
നിലവിളി കേട്ട് മകൾ അജിത വീട്ടിൽ നിന്ന് ഇറങ്ങിവന്നെങ്കിലും രവീന്ദ്രൻ ആസിഡുമായി അജിതയുടെ അടുത്തേക്ക് എത്തിയതോടെ അജിത ഓടി വീടിനുള്ളിൽ കയറി വാതിൽ അടച്ചു. വാതിൽ ചവിട്ടി തുറക്കാൻ ശ്രമിച്ചെങ്കിലും രവീന്ദ്രൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പേടിച്ച് അജിത ഫോൺ വിളിച്ചതിനെ തുടർന്ന് ബന്ധു സുരേഷ് ബാബുവും സഹോദരന്മാരും സ്ഥലത്തെത്തി.
കാറിൽ വന്ന അവർക്ക് നേരെയും രവീന്ദ്രൻ ആസിഡ് ഒഴിച്ചു. കാറിലുണ്ടായിരുന്നവർ ഗ്ലാസ് ഉയർത്തിയതിനാൽ ആസിഡ് അവരുടെ ദേഹത്ത് അധികം വീണില്ല. എങ്കിലും സൈഡിൽ ഇരുന്ന സുരേഷ് ബാബുവിന് ചെറിയ പൊള്ളലേറ്റു. ബഹളം കേട്ട് എത്തിയ നാട്ടുകാരുമായും രവീന്ദ്രൻ വഴക്കുണ്ടാക്കാൻ തുടങ്ങിയതോടെ പ്രദേശത്ത് പരിഭ്രാന്തി പരന്നു. വിവരം ലഭിച്ചയുടനെ ബേഡകം പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
ഗുരുതരമായി പരിക്കേറ്റ ജാനകിയെ ഉടൻ തന്നെ ചെങ്കള നായനാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരേഷ് ബാബുവിന്റെ പരിക്ക് ഗുരുതരമല്ലെന്നും പോലീസ് വ്യക്തമാക്കി. മദ്യപിച്ച് വീട്ടിൽ പതിവായി വഴക്കുണ്ടാക്കുന്ന ആളാണ് രവീന്ദ്രൻ എന്ന് ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. വീട്ടിൽ നിന്ന് സാധനങ്ങൾ എടുത്ത് വിറ്റ് മദ്യപിക്കുന്നതും ഇയാളുടെ പതിവാണ്. ഇതിനെ തുടർന്നുണ്ടായ തർക്കങ്ങളാണ് ഭാര്യയിൽ നിന്ന് അകന്നു നിൽക്കാൻ കാരണമെന്ന് പോലീസ് പറയുന്നു . എട്ട് മാസം മുമ്പ് രവീന്ദ്രനെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയെങ്കിലും ചികിത്സയിലൂടെ അദ്ദേഹം രക്ഷപ്പെട്ടു.

