തിരുവനന്തപുരം: എല്ലാ പൊതുവിടങ്ങളിലും സ്ത്രീകൾ സുരക്ഷിതരായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന വാക്കോ നോക്കോ പ്രവൃത്തിയോ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകൾക്കെതിരെ തെറ്റായ സമീപനങ്ങൾ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതെല്ലാം കര്‍ക്കശമായി നേരിടുന്ന നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നടി ഹണി റോസുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിലും തുടർനടപടികളിലും പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, ചാനല്‍ ചര്‍ച്ചകളില്‍ നടി ഹണി റോസിനെതിരെ മോശം പരാമർശം നടത്തിയ രാഹുൽ ഈശ്വറിനെതിരെ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. സംഭവത്തിൽ ഹണി റോസ് നൽകിയ പരാതി വിശദമായി പരിശോധിച്ചുവരികയാണെന്നാണ് പോലീസ് പറയുന്നത്. നിയമവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം മാത്രമേ കേസെടക്കമുള്ള നടപടികളുമായി പോലീസ് മുന്നോട്ടുപോവുകയുള്ളൂ എന്നാണ് അറിയാൻ സാധിക്കുന്നത്.
ചാനല്‍ ചര്‍ച്ചകളില്‍ നടി ഹണി റോസിനെതിരെ മോശം പരാതി നടത്തിയെന്ന് ആരോപിച്ച് രാഹുല്‍ ഈശ്വറിനെതിരെ തൃശ്ശൂര്‍ സ്വദേശി സലിം എന്നയാളും കഴിഞ്ഞ ദിവസം എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ചാനല്‍ ചര്‍ച്ചകളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടേയും ഹണി റോസിനെ അപമാനിക്കുന്നു എന്നാണ് പരാതി.