തിരുവനന്തപുരം: മേയർ തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് സിപിഎം കോടതിയെ സമീപിച്ചു. വോട്ടെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പാർട്ടി കോടതിയെ സമീപിച്ചിരിക്കുന്നത് . സത്യപ്രതിജ്ഞ ചെയ്ത 20 അംഗങ്ങൾ നിയമങ്ങൾ ലംഘിച്ചുവെന്നാണ് പാർട്ടിയുടെ പരാതി.
ഈശ്വര നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത 20 പേരെ മാറ്റി നിർത്തണമെന്ന ആവശ്യമാണ് സിപിഎം കൗൺസിലർ എസ്.പി ദീപക് ഉന്നയിച്ചത്. ഈ സത്യപ്രതിജ്ഞ അംഗീകരിക്കാൻ കഴിയില്ലെന്നും ദീപക് പറഞ്ഞു. നിയമങ്ങൾ അനുസരിച്ച് സത്യപ്രതിജ്ഞ ചെയ്തവരുടെ വോട്ടുകൾ മാത്രമേ സാധുവായി കണക്കാക്കാവൂ. ബിജെപിയുടെയും യുഡിഎഫിന്റെയും 20 അംഗങ്ങൾ നിയമങ്ങൾ ലംഘിച്ചുവെന്നും വോട്ടെടുപ്പ് നിയമവിരുദ്ധമാണെന്നും സിപിഎം ആരോപിച്ചു. നിയമങ്ങൾ ലംഘിച്ചവരില്ലാതെ വോട്ടെടുപ്പ് നടത്തണമെന്ന് സിപിഎം ആവശ്യപ്പെട്ടു
ഈ ആവശ്യവുമായി ആദ്യം കലക്ടർ അനിത കുമാരിയെ സമീപിച്ചെങ്കിലും അവർ അംഗീകരിച്ചില്ല. സത്യപ്രതിജ്ഞ ചെയ്തവർ ഒപ്പിട്ട് കൗൺസിലർ പദവി ഏറ്റെടുത്തു. ഇവർ ആദ്യത്തെ കൗൺസിൽ യോഗത്തിലും പങ്കെടുത്തു. ഇനി കോടതിയെ ആണ് സമീപിക്കേണ്ടത് എന്ന് കളക്ടർ പറഞ്ഞു.കളക്ടറുടെത് തെറ്റായ നടപടിയാണെന്ന് സിപിഎം കൗൺസിലർ ചൂണ്ടിക്കാട്ടി. ഒരേ കാര്യം വീണ്ടും ആവർത്തിക്കേണ്ടെന്ന് പറഞ്ഞ കളക്ടർ. രേഖാമൂലം മറുപടി നൽകാമെന്നും അറിയിച്ചു.

