ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണങ്ങൾ. അയർലൻഡിന്റെ യൂറോപ്യൻ യൂണിയൻ അധ്യക്ഷസ്ഥാനത്തിന്റെ ഭാഗമായി നിർണായകമായ രണ്ട് ഉച്ചകോടികൾ നടക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ന് മുതൽ നാല് ദിവസത്തേയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്. നോർത്ത് വാൾ ക്വേയുടെ ഒരു ഭാഗം ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ന് അടച്ചിട്ടു.
വെള്ളിയാഴ്ചവരെയാണ് യോഗം. അതിനാൽ വെള്ളിയാഴ്ച വൈകീട്ടുവരെ നഗരത്തിൽ നിയന്ത്രണങ്ങൾ തുടരും. ഗിൽഡ് സ്ട്രീറ്റിനും ന്യൂ വാപ്പിംഗ് സ്ട്രീറ്റിനും ഇടയിലുള്ള നോർത്ത് വാൾ ക്വേയിൽ ഇന്ന് രാവിലെ 7 മണി മുതൽ വെള്ളിയാഴ്ച വൈകുന്നേരം വരെ കാൽനടയാത്രക്കാർ ഉൾപ്പെടെയുള്ള എല്ലാ ഗതാഗതവും നിരോധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആളുകൾ യാത്രകൾക്കായി ബദൽ പാതകൾ തിരഞ്ഞെടുക്കണമെന്ന് അധികൃതർ അറിയിച്ചു. ഡബ്ലിൻ നഗരത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് മറ്റ് ഭാഗങ്ങളിലും യാത്രകൾക്ക് തടസ്സം ഉണ്ടായേക്കാം.

