ആലപ്പുഴ : അഞ്ച് എംബിബിഎസ് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ വാഹന ഉടമ ഷാമിൻ ഖാനെതിരെ നടപടി എടുക്കാൻ മോട്ടോർ വാഹനവകുപ്പ്. ഷാമിൻ ഖാൻ വാടകയ്ക്ക് തന്നെയാണ് വാഹനം നൽകിയതെന്നും തെളിവ് ലഭിച്ചതിന് പിന്നാലെയാണിത് . വാടകയായ 1000 രൂപ ഗൗരിശങ്കറാണ് ഷാമിലിന് ഗൂഗിൾ പേ വഴി അയച്ചുനൽകിയത്.
കേസുമായി ബന്ധപ്പെട്ട് പൊലീസും മോട്ടോർ വാഹനവകുപ്പും ബാങ്കിൽ നിന്ന് പണമിടപാട് വിവരങ്ങൾ ശേഖരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. റെന്റ് എ കാർ നടത്താനുള്ള ലൈസൻസ് ഷാമിൻ ഖാനില്ലെന്നും, വാഹനത്തിന്റെ ആർ സി ബുക്ക് ക്യാൻസൽ ചെയ്യുമെന്നും മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.
വാഹനത്തിന് എന്തോ കുഴപ്പം ഉള്ളത് പോലെ തോന്നി എന്ന് വാഹനം ഓടിച്ച ഗൗരി ശങ്കർ മൊഴി നൽകിയിരുന്നു. അതിനിടെ ടവേരയിൽ വിദ്യാർത്ഥികൾ പമ്പിലെത്തി ഇന്ധനം നിറച്ചതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 500 രൂപയ്ക്കാണ് ഇന്ധനം നിറച്ചത്. ഈ സമയം കാറിൽ മൂന്ന് പേർ മാത്രമാണുണ്ടായിരുന്നത്. ഇതിന് ശേഷം കാത്തുനിന്ന സുഹൃത്തുക്കളെ കയറ്റാനായി പോവുകയായിരുന്നു.
വാടകയ്ക്കല്ല കാർ നൽകിയതെന്നും, അപകടത്തിൽ മരിച്ച കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൾ ജബ്ബാറുമായി പരിചയമുണ്ടെന്നും അതിൻ്റെ പേരിലാണ് വണ്ടിയിൽ ആവശ്യത്തിനുള്ള ഡീസൽ അടിക്കാമെന്നും തനിക്കും മറ്റ് അഞ്ച് സുഹൃത്തുക്കൾക്കും സിനിമയ്ക്ക് പോകണമെന്നുമാണ് തന്നോട് പറഞ്ഞതെന്നും ഷാമിൻ ഖാൻ പറഞ്ഞിരുന്നു. ഈ വാദങ്ങളാണ് ഇപ്പോൾ പൊളിഞ്ഞിരിക്കുന്നത്.ഷാമിൻ ഖാൻ്റെ മറ്റ് വാഹനങ്ങളുടെ വിവരങ്ങളും മോട്ടോർ വാഹന വകുപ്പ് ശേഖരിച്ചു.