കാസർകോട് : വാഹന അപകടങ്ങൾ പെരുകി നിയമങ്ങൾ കടുപ്പിച്ചിട്ടും വീണ്ടും നിയമം ലംഘിച്ചുള്ള അഭ്യാസപ്രകടനവുമായി യുവാക്കൾ. കുമ്പളം പച്ചളം ഗ്രൗണ്ടിൽ രജിസ്ട്രേഷൻ കഴിയാത്ത ഥാർ ഉപയോഗിച്ച് ഗ്രൗണ്ടിൽ പ്രകടനം നടത്തുന്നതിനിടെ ടയറിന് തീപിടിച്ചു. വാഹനത്തിൽ ഉണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടതിനാൽ ആളപായം ഉണ്ടായില്ല. വാഹനം പൂർണമായും കത്തി നശിച്ചു. പിന്നീട് ഉപ്പളയിൽ നിന്ന് ഫയർഫോഴ്സ് എത്തി തീ അണച്ചു.
തുടർച്ചയായി ഉള്ള വാഹന അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഗതാഗത നിയമങ്ങൾ ശക്തമാക്കിയിട്ടും നിയമങ്ങള നോക്കുകുത്തിയാക്കി വാഹനങ്ങൾ ഉപയോഗിച്ചുള്ള അഭ്യാസപ്രകടനങ്ങൾ അരങ്ങേറുകയാണ്. സോഷ്യൽ മീഡിയയിൽ റീച്ച് കൂട്ടാനും ജീവന് ആപത്ത് ഉണ്ടാക്കും വിധം ഇത്തരം പ്രകടനങ്ങൾ ആവർത്തിക്കുകയാണ് യുവാക്കൾ.
കഴിഞ്ഞദിവസം കോഴിക്കോട് ബീച്ച് റോഡിൽ പ്രമോഷൻ റീൽസ് ചിത്രീകരണത്തിനിടെ വീഡിയോഗ്രാഫർ കാറടിച്ച് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ശക്തമായ ഇടപെടലുകൾ നടത്തിയിരുന്നു. വാഹനങ്ങൾ തമ്മിലുള്ള മത്സയോട്ടങ്ങൾ നടത്തുന്നതിലൂടെ ഇത്തരം അപകടങ്ങളിൽ ഏർപ്പെടുന്നവർക്ക് പുറമേ മറ്റുള്ള വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ജീവഹാനി സംഭവിക്കുന്നതിനു വരെ കാരണമാകും എന്ന് കമ്മീഷൻ നിരീക്ഷിച്ചിരുന്നു.