കൊച്ചി: സൂരജ് ലാമയുടെ മരണം കൊലപാതകമാണെന്നും അദ്ദേഹത്തിന് നീതി ലഭിക്കണമെന്നും കുടുംബം . ഭർത്താവിന്റെ മരണം വെറും ഒരു മിസ്സിംഗ് കേസായി കാണരുതെന്നും അതൊരു കൊലപാതകമാണെന്നും ലാമയുടെ ഭാര്യ പറഞ്ഞു. മാധ്യമങ്ങൾക്ക് മുന്നിൽ കണ്ണീരോടെയാണ് അവർ പ്രതികരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ ഭർത്താവിനെ വേണ്ടവിധം പരിപാലിച്ചില്ലെന്നും അവർ ആരോപിച്ചു
ഇന്ന് രാവിലെ ബന്ധുക്കൾക്ക് കൈമാറിയ സൂരജ് ലാമയുടെ മൃതദേഹം കളമശ്ശേരി ശ്മശാനത്തിൽ സംസ്കരിച്ചു. കുടുംബത്തിന്റെ മതപരമായ ആചാരങ്ങൾ അനുസരിച്ചാണ് സംസ്കാരം നടത്തിയത്. മൃതദേഹം ലാമയുടേതാണെന്ന് സ്ഥിരീകരിക്കുന്ന ഡിഎൻഎ ഫലങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു . ഒക്ടോബർ 5 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയതാണ് സൂരജ് ലാമ . കുവൈറ്റ് മദ്യദുരന്തത്തിനിടെ സൂരജ് ലാമയ്ക്ക് ഓർമ്മ നഷ്ടപ്പെട്ടു. പോലീസ് ലാമയെ കണ്ടെത്തി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. പക്ഷേ അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് വീണ്ടും കാണാതാവുകയായിരുന്നു.
മകൻ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയെ തുടർന്നാണ് കോടതി വിഷയത്തിൽ ഇടപെട്ടത്. കോടതിയുടെ ഉത്തരവിനെത്തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചു. ലാമയുടേതാണെന്ന് സംശയിക്കുന്ന മൃതദേഹം രണ്ട് മാസം മുമ്പ് എച്ച്എംടി പരിസരത്ത് നിന്ന് കണ്ടെത്തി. സൂരജ് ലാമയെ കണ്ടെത്തി സംരക്ഷിക്കുന്നതിൽ പോലീസും മെഡിക്കൽ കോളേജ് ആശുപത്രി സംവിധാനവും പരാജയപ്പെട്ടതിനെതിരെ വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്.

