ന്യൂഡൽഹി : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഉൾപ്പെട്ട കേസിൽ അതിജീവിതയെ അപമാനിച്ച കേസിൽ പ്രതിയായ അഭിഭാഷക ദീപ ജോസഫിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി . ദീപയുടെ ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രീം കോടതിയുടെ വിമർശനം. ദീപ ഉപയോഗിച്ച വാക്കുകൾ ഞെട്ടിക്കുന്നതാണെന്ന് സുപ്രീം കോടതി പറഞ്ഞു
‘നിങ്ങൾ ഒരു പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയല്ലേ? ഫേസ്ബുക്ക് പോസ്റ്റിൽ അപകീർത്തികരമായ പരാമർശങ്ങളുണ്ട്. നിങ്ങൾ എഴുതിയത് പരസ്യമായി വായിക്കണോ? ഒരു പുരുഷൻ പരാമർശം നടത്തിയിരുന്നെങ്കിൽ, അയാൾ ഉടൻ അറസ്റ്റ് ചെയ്യപ്പെടുമായിരുന്നു. നിങ്ങൾ ഒരു സ്ത്രീയായതിനാൽ മാത്രമേ നിങ്ങൾക്ക് പരിഗണന ലഭിക്കൂ. പ്രതിയുടെ പൊതു അഭിഭാഷകയാണോ നിങ്ങൾ? അഭിഭാഷകയാണെങ്കിലും സോഷ്യൽ മീഡിയയിൽ അത്തരം ഭാഷ ഉപയോഗിക്കുന്നത് എന്തുകൊണ്ടാണെന്നും “ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു.
പി വി ദിനേശ്, കെ ആർ സുഭാഷ് ചന്ദ്രൻ, കൃഷ്ണ അനിരുദ്ധ എന്നിവർ അതിജീവിതയ്ക്ക് വേണ്ടി ഹാജരായി. രാഹുലിന്റെ കേസിൽ ആദ്യം അതിജീവിതയെ അപമാനിച്ചതിന് അഭിഭാഷക ദീപയ്ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, അതിജീവിതയുടെ പേര് വെളിപ്പെടുത്തുകയോ മോശമായ പരാമർശങ്ങൾ നടത്തുകയോ ചെയ്തിട്ടില്ലെന്ന് ദീപ കോടതിയെ അറിയിച്ചു. അതിജീവിതയുടെ ഭർത്താവ് പറഞ്ഞതാണ് താൻ പറഞ്ഞതെന്ന് ദീപ വാദിച്ചപ്പോൾ, ഭർത്താവ് പറഞ്ഞതാണെങ്കിൽ പോലും എല്ലാം സോഷ്യൽ മീഡിയയിൽ എഴുതുന്നത് ശരിയാണോ എന്ന് കോടതി ചോദിച്ചു. സ്ത്രീയായതിനാൽ നടപടിയെടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയ ശേഷം, കോടതി അവരുടെ ഹർജി തള്ളുകയും ഹൈക്കോടതിയെ സമീപിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

