തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ആൺസുഹൃത്ത് സുകാന്ത് സുരേഷ് രാജസ്ഥാനിലെ ഉദയ്പൂരിൽ താമസിച്ചത് മറ്റൊരു സ്ത്രീയ്ക്കൊപ്പമെന്ന് കണ്ടെത്തി . രാജസ്ഥാനിലെ രണ്ട് ഹോട്ടലുകളിൽ ഒരു ദിവസം വീതം ഇരുവരും താമസിച്ചതിന്റെ വിവരങ്ങൾ പോലീസ് കണ്ടെടുത്തു.തെളിവുകൾ ശേഖരിക്കുന്നതിനായി പോലീസ് സുകാന്തിനെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി.
സുകാന്ത് സ്ത്രീയുമായി സൗഹൃദത്തിലായിരുന്നുവെന്നും യാത്രകൾ അതിന്റെ ഭാഗമാണെന്നുമാണ് പോലീസിനോട് പറഞ്ഞത്. രാജസ്ഥാനിൽ നിന്ന് തെളിവുകൾ ശേഖരിച്ച ശേഷം അന്വേഷണ സംഘം ഇന്നലെ പ്രതിയുമായി തമിഴ്നാട്ടിലേക്ക് പുറപ്പെട്ടു. സുകാന്തിനൊപ്പം തമിഴ്നാട്ടിലേക്കും പോയിരുന്നു എന്നാണ് യുവതിയുടെ മൊഴി. . തമിഴ്നാട്ടിൽ നിന്ന് തെളിവുകൾ ശേഖരിച്ച ശേഷം ജൂൺ 21 ന് സംഘം തിരുവനന്തപുരത്തേക്ക് മടങ്ങും. സുകാന്തിന്റെ പോലീസ് കസ്റ്റഡി കാലാവധി 21 ന് അവസാനിക്കുന്നതിനാൽ അന്ന് സുകാന്തിനെ കോടതിയിൽ ഹാജരാക്കും. ഇയാൾക്ക് മറ്റ് സ്ത്രീകളുമായുള്ള ബന്ധത്തെക്കുറിച്ചും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
മാർച്ച് 24 നാണ് തിരുവനന്തപുരത്തെ പേട്ട റെയിൽവേ ട്രാക്കിൽ പത്തനംതിട്ടയിൽ നിന്നുള്ള ഐബി ഉദ്യോഗസ്ഥ മേഘയെ മരിച്ച നിലയിൽ കണ്ടെത്തിയത് . തുടർന്ന് മകളുടെ മരണത്തിന് പിന്നിൽ സുഹൃത്ത് സുകാന്താണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. അസ്വാഭാവിക മരണത്തിനാണ് പോലീസ് ആദ്യം കേസെടുത്തത്. അന്വേഷണം ആരംഭിച്ചയുടൻ സുകാന്തും കുടുംബവും ഒളിവിൽ പോയി. ഇതിനിടയിൽ, മകൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിന് തെളിവ് നൽകിയ പിതാവിന്റെ പരാതിയിൽ സുകാന്തിനെതിരെ പോലീസ് ബലാത്സംഗത്തിന് കേസെടുത്തു. ആഴ്ചകൾ നീണ്ട തിരച്ചിലിനുശേഷമാണ് ഒളിവിൽ പോയ സുകാന്തിനെ അറസ്റ്റ് ചെയ്തത്.

