കൊല്ലം: ഷാർജയിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യയുടെ ഭർത്താവ് സതീഷിനെതിരെ പോലീസ് കേസെടുത്തു. അതുല്യയുടെ കുടുംബം നൽകിയ പരാതിയിൽ ചവറ തെക്കുംഭാഗം പോലീസാണ് സതീഷിനെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തത്. ശാരീരിക പീഡനം, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
തേവലക്കര കോയിവിള സ്വദേശിനിയായ അതുല്യ സതീഷ് (30)നെ വെള്ളിയാഴ്ച രാത്രിയാണ് അപ്പാർട്ട്മെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് .ഒന്നര വർഷത്തിലേറെയായി ദമ്പതികൾ യുഎഇയിൽ താമസിച്ചുവരികയായിരുന്നു. സ്ത്രീധനത്തിന്റെ പേരിൽ അതുല്യ നിരന്തരം പീഡനം അനുഭവിച്ചിരുന്നതായി കുടുംബം പറയുന്നു.
തന്റെ മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് അതുല്യയുടെ പിതാവ് രാജശേഖരൻ പിള്ള പറഞ്ഞു. വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളിൽ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് സതീഷ് അതുല്യയെ ഉപദ്രവിക്കാൻ തുടങ്ങി. ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നു. പക്ഷെ കോടതി കൗൺസിലിംഗിലൂടെ ഇരുവരെയും ഒന്നിപ്പിച്ചു. മദ്യപിച്ച ശേഷം അയാൾ മകളെ ക്രൂരമായി പീഡിപ്പിക്കാറുണ്ടായിരുന്നു. അവൾ ഒരുപാട് കഷ്ടപ്പെട്ടിരുന്നു. ഒരു ഭാര്യ എന്ന നിലയിൽ അവൾ ഒരിക്കലും ഒരു ദിവസം പോലും സന്തോഷത്തോടെ ജീവിച്ചിരുന്നില്ല. അതുല്യ തിരിച്ചുവരാൻ ആഗ്രഹിച്ചു, പക്ഷേ അയാൾ അത് അനുവദിച്ചില്ല. ‘ – രാജശേഖരൻ പിള്ള പറഞ്ഞു.
ഒരു ഭാര്യയുടെ പരിഗണന എന്റെ മകൾക്ക് ലഭിച്ചില്ല. 10 വയസ്സുള്ള മകൾക്ക് വേണ്ടി അവൾ എല്ലാം സഹിച്ചു. മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. മകൾക്ക് നീതി ലഭിക്കണം. സതീഷ് പരസ്പരവിരുദ്ധമായി സംസാരിക്കുന്നു. വിവാഹനിശ്ചയം കഴിഞ്ഞയുടനെ സതീഷ് സംശയം പ്രകടിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ‘ – അതുല്യയുടെ അമ്മ തുളസി ഭായ് പറഞ്ഞു.

