കണ്ണൂർ: വളപട്ടണത്തെ വ്യാപാരിയുടെ വീട്ടില്‍ നിന്ന് ഒരു കോടിയിലധികം രൂപയും 300 പവൻ സ്വർണവും കവർന്ന കേസിൽ പ്രതിയെ പിടികൂടി പൊലീസ്. മോഷണം നടന്ന വീടിന്റെ അയൽപ്പക്കത്ത് താമസിക്കുന്ന ലിജേഷാണ് പിടിയിലായത്. കഴിഞ്ഞ മാസം 20-നായിരുന്നു സംഭവം.മോഷണമുതൽ വീട്ടിൽ കട്ടിലിനടിയിൽ പ്രത്യേക അറയ്ക്കുള്ളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഒരു കോടി 21 ലക്ഷം രൂപയും 267 പവൻ സ്വർണവും പൊലീസ് കണ്ടെടുത്തു.
മോഷണം നടത്തിയത് അടുത്തറിയാവുന്ന ആളാണെന്ന് പൊലീസ് സംശയിച്ചിരുന്നു. ഫോണ്‍ രേഖകളാണ് പ്രതിയെ കുടുക്കിയത്. മോഷണം നടത്തുന്നതിനിടെ വീടിനുള്ളിലെ ഒരു സിസിടിവി ക്യാമറ പ്രതി തിരിച്ചുവച്ചിരുന്നു. അപ്രതീക്ഷിതമായി അതിൽ നിന്ന് ലഭിച്ച ദൃശ്യമാണ് കേസിൽ നിർണായകമായത്.
വിരലടയാള പരിശോധനയിൽ ലിജേഷ് തന്നെയാണ് പ്രതിയെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പ്രതി കുറ്റമ്മതം നടത്തുകയും ചെയ്തു. മോഷണം നടന്ന ദിവസം പ്രതിയുടെ ഫോണ്‍ സ്വിച്ച് ഓഫാണെന്ന് കണ്ടെത്തി. വെല്‍ഡിങ് ജോലി ചെയ്യുന്ന ലിജീഷ് ലോക്കര്‍ തുറക്കാന്‍ വിദഗ്ധനെന്നും പൊലീസ് പറഞ്ഞു.
മോഷണം നടത്തിയ സമയത്ത് ധരിച്ചിരുന്ന വസ്ത്രം പ്രതി കത്തിച്ച് കളഞ്ഞിരുന്നു.അന്വേഷണത്തിന്റെ ഭാഗമായി 100ഓളം സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്. 75 പേരുടെ വിരലടയാളം പരിശോധിച്ചു. കണ്ണൂര്‍ എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം . ലിജേഷിന് മറ്റാരുടേയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.