തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി എന്ന നിലയിൽ പുതിയ സ്ഥാനം ഏറ്റെടുക്കാൻ അബിൻ വർക്കി വിസമ്മതിച്ചതിൽ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് . കേരളത്തിൽ നിന്നുകൊണ്ട് രാജ്യമെമ്പാടും പ്രവർത്തിക്കാൻ അബിന് ലഭിച്ച അവസരമാണിതെന്നാണ്, സണ്ണി ജോസഫ് പറഞ്ഞത്.
കെ സി വേണുഗോപാൽ കേരളത്തിലും, കേന്ദ്രത്തിലും പ്രവർത്തിക്കുന്നുണ്ടെന്നും, അത് അബിനും മാതൃകയാക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു. തൃത്താലയിൽ ഒരു പരിപാടിയിൽ പങ്കെടുത്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് കോൺഗ്രസിന്റെ ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിലുള്ള അതൃപ്തി ഇന്ന് പരസ്യമായി അറിയിച്ചിരുന്നു അബിൻ വർക്കി . യൂത്ത് കോൺഗ്രസിന്റെ വൈസ് പ്രസിഡന്റായി തുടരാനും കേരളത്തിൽ തന്നെ തുടരാനുമാണ് തനിക്ക് ആഗ്രഹമെന്നും അബിൻ പറഞ്ഞു.
“യൂത്ത് കോൺഗ്രസിന്റെ ദേശീയ നേതൃത്വം ഒരു തീരുമാനമെടുത്തു. യൂത്ത് കോൺഗ്രസിന്റെ മണ്ഡലം സെക്രട്ടറിയായാണ് ഞാൻ എന്റെ പൊതുപ്രവർത്തനം ആരംഭിച്ചത്. പിന്നീട്, ഞാൻ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായി, യൂത്ത് കോൺഗ്രസിന്റെ വൈസ് പ്രസിഡന്റായി . രാഷ്ട്രീയത്തിൽ എനിക്ക് സംഭവിച്ച ഏതൊരു നന്മയ്ക്കും ഞാൻ രാഹുൽ ഗാന്ധിയോട് ഏറ്റവും കടപ്പെട്ടിരിക്കുന്നു. ഞാൻ ഉൾപ്പെടെയുള്ള ആളുകൾ ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് വന്നത്. സംസ്ഥാന യൂത്ത് കോൺഗ്രസിന്റെ ഉന്നത സ്ഥാനത്ത് നിന്ന് എന്നെ തടഞ്ഞത് എന്റെ ക്രിസ്ത്യൻ സ്വത്വമാണോ എന്ന് എനിക്കറിയില്ല. പാർട്ടി നേതൃത്വമാണ് അത് വ്യക്തമാക്കേണ്ടത്.“ എന്നും അബിൻ പറഞ്ഞിരുന്നു.

