കൊച്ചി : സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് തുടക്കം. ഒളിമ്പിക്സ് മാതൃകയിൽ ആദ്യമായി നടക്കുന്ന കായികമേളയുടെ ഉദ്ഘാടന ചടങ്ങുകൾ വൈകിട്ട് നാല് മണിയോടെ ആരംഭിക്കും. നടൻ മമ്മൂട്ടി മുഖ്യാതിഥിയാകും.
നാളെ മുതൽ 11-ാം തീയതി വരെയാകും മത്സരങ്ങൾ . 39 ഇനങ്ങളിലായി 2,400-ഓളം കുട്ടികൾ മാറ്റുരയ്ക്കും. 1,562 സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളും അണ്ടർ 14, 17, 19 കാറ്റഗറികളിലായി ഗൾഫിലെ എട്ട് സ്കൂളുകളിൽ നിന്ന് 50 കുട്ടികളും പങ്കെടുക്കും. ചരിത്രത്തിലാദ്യമായാണ് ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള സ്കൂളുകൾ പങ്കെടുക്കുന്നത്.
മേളയുടെ ബ്രാൻഡ് അംബാസഡർ പിആർ ശ്രീജേഷ് ദീപശിഖ കൊളുത്തും. വ്യവസായമന്ത്രി പി രാജീവ് അദ്ധ്യക്ഷനാകും. 11-ന് നടക്കുന്ന സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മാർച്ച് പാസ്റ്റിൽ 3500 വിദ്യാർത്ഥികളും, സാംസ്ക്കാരിക പരിപാടികളിൽ 4000 വിദ്യാർത്ഥികളും അണിനിരക്കും .
ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രി എവർറോളിംഗ് ട്രോഫി സമ്മാനിക്കും.നാളെ അത്ലറ്റിക്സ്, അത്ലറ്റിക്സ് (ഇൻക്ലൂസീവ്), ബാഡ്മിന്റൺ, ഫുട്ബോൾ, ത്രോബോൾ തുടങ്ങി 20 ഓളം മത്സരങ്ങൾ ഉണ്ടാകും.
സംസ്ഥാന സ്കൂൾ കായിക മേളയ്ക്കുള്ള ദീപശിഖാ പ്രയാണവും ജേതാക്കൾക്കുള്ള ട്രോഫിയും വഹിച്ചുകൊണ്ടുള്ള യാത്രകൾ തൃപ്പൂണിത്തുറയിൽ ഒരുമിക്കും. കാസർകോട് നിന്നാണ് ദീപശിഖാ പ്രയാണം ആരംഭിച്ചത്. ട്രോഫിയും വഹിച്ചുകൊണ്ടുള്ള യാത്ര തിരുവനന്തപുരത്തു നിന്നും ആരംഭിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെ തൃപ്പൂണിത്തുറ ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇരുയാത്രകളും കൂടിച്ചേരും. ഇവിടെ നിന്ന് വിവിധ പ്രദേശങ്ങളിലേക്ക് ഘോഷയാത്രയായി പുറപ്പെട്ട് ഉച്ചയോടെ മറൈൻ ഡ്രൈവിലെത്തും.എല്ലാ ദിവസവും രാവിലെ 6.30 ന് മത്സരങ്ങൾ ആരംഭിക്കുന്നത് മുതൽ കൈറ്റ് വിക്ടേഴ്സ് തൽസമയ സംപ്രേഷണം നടത്തും.