ന്യൂഡൽഹി: തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണത്തിനെതിരെ സംസ്ഥന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വരെ സംസ്ഥാനത്ത് എസ്ഐആർ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ ഹർജി സമർപ്പിച്ചത് . സർക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ആണ് ഹർജി നൽകിയത്.
ഹൈക്കോടതി വിഷയത്തിൽ ഇടപെടാൻ വിസമ്മതിച്ചതിനെ തുടർന്നാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. എസ്ഐആറും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയും ഒരേ സംവിധാനത്തിൽ നടപ്പിലാക്കിയാൽ അത് ഭരണ സംവിധാനത്തെ ബാധിക്കുമെന്നും രണ്ടും ഒരേ സമയം നടപ്പിലാക്കാൻ കഴിയില്ലെന്നും ചീഫ് സെക്രട്ടറി ഹർജിയിൽ പരാമർശിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നതുവരെ എസ്ഐആർ മാറ്റിവയ്ക്കണമെന്നും സംസ്ഥാന സർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടു.
എസ്ഐആർ ഉടൻ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗും സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നതിനെയും ഹർജിയിൽ ചോദ്യം ചെയ്തിരുന്നു. കണ്ണൂരിലെ ബിഎൽഒ അനീഷ് ജോർജിന്റെ ആത്മഹത്യയും ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പൗരത്വ പരിശോധന നടത്തി പലരെയും ഒഴിവാക്കാനാണ് നീക്കമെന്നും ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി സമർപ്പിച്ച ഹർജിയിൽ പറയുന്നു.

