തിരുവനന്തപുരം: ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിലെ എംഎൽഎ ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ട കൗൺസിലർ ആർ ശ്രീലേഖയെ വിമർശിച്ച് വി കെ പ്രശാന്ത് എംഎൽഎ . ശ്രീലേഖയ്ക്ക് ഒറ്റയ്ക്ക് തീരുമാനം എടുക്കാൻ കഴിയില്ലെന്നും അവരുടെ പ്രവൃത്തി അധാർമ്മികമാണെന്നും പ്രശാന്ത് പറഞ്ഞു. ഞായറാഴ്ച രാവിലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .
ശനിയാഴ്ച രാവിലെയാണ് എംഎൽഎ ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ടത് . കൗൺസിലറുടെ ഓഫീസും അതേ കെട്ടിടത്തിലാണ്, സ്ഥലപരിമിതി കാരണമാണ് പ്രശാന്തിനോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ടത്. ‘ ഏഴ് വർഷമായി ഞാൻ ഈ ഓഫീസ് ഉപയോഗിക്കുന്നു. ബിജെപി കൗൺസിലറുടെ ഓഫീസ് മുമ്പ് ആ കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ഇത് ഒഴിയാൻ നിരവധി നിയമപരമായ വശങ്ങളുണ്ട്, എന്നാൽ ഇവിടെ കൗൺസിലർ എംഎൽഎയെ വിളിച്ച് ഓഫീസ് ഒഴിയാൻ ആവശ്യപ്പെടുന്നു. ഇത് ശരിയായ രീതിയല്ല.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പിന്തുടരുന്ന മാതൃകയാണിത്. വാടക നൽകിയ ശേഷം തുടരാം. എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ പരിശോധിക്കാം. കൗൺസിലറുടെ ഓഫീസിൽ മതിയായ സൗകര്യങ്ങളില്ല, അതിനാൽ എംഎൽഎയുടെ ഓഫീസ് തന്നെ ഉപയോഗിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. മാർച്ച് 31 വരെ അവിടെ തുടരാൻ നിയമമുണ്ട്. ശ്രീലേഖയ്ക്ക് ഒറ്റയ്ക്ക് ഈ തീരുമാനം എടുക്കാൻ കഴിയില്ല. ഇതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്, അവരുടെ പ്രവൃത്തി അധാർമ്മികമാണ്,’ എംഎൽഎ പറഞ്ഞു.

