തിരുവനന്തപുരം: തന്നെ അപകീർത്തിപ്പെടുത്താൻ വ്യാജ വാർത്തകൾ എഴുതുന്നത് ചിലർക്ക് ശീലമായി മാറിയെന്ന് വട്ടിയൂർക്കാവ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ആർ. ശ്രീലേഖ . കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ഓൺലൈനായി പങ്കെടുത്ത തിരഞ്ഞെടുപ്പ് പരിപാടിയിൽ നിന്ന് ശ്രീലേഖ ഇറങ്ങിപ്പോയെന്ന മട്ടിൽ മലയാള മാധ്യമങ്ങൾ ഇന്ന് വാർത്ത പ്രചരിപ്പിച്ചിരുന്നു. തനിക്കെതിരെ ഒന്നും പറയാൻ കിട്ടാത്തത് മൂലം തെറ്റായ വാർത്തകൾ സൃഷ്ടിക്കുകയാണ് . ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയാണെന്നും ശ്രീലേഖ പറഞ്ഞു
ബിജെപി നേതാവും സഹോദരതുല്യനുമായ കെ. സോമനുമായുള്ള തന്റെ സംഭാഷണം വളരെ വ്യക്തിപരമാണെന്നും അത് മാധ്യമങ്ങളോട് വെളിപ്പെടുത്തില്ലെന്നും അവർ പറഞ്ഞു.“ഞാൻ പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയെന്ന വാർത്ത തെറ്റും ലജ്ജാകരവുമാണ്. പാർട്ടിക്കുള്ളിൽ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ അത് മാധ്യമങ്ങളെയല്ല, മറിച്ച് പാർട്ടിയെയാണ് ഞാൻ അറിയിക്കുക. “ ശ്രീലേഖ പറഞ്ഞു.
തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ വച്ചായിരുന്നു എൻ ഡി എ തെരഞ്ഞെടുപ്പ് പരിപാടി . ആർ. ശ്രീലേഖയ്ക്കായാണ് പരിപാടി സംഘടിപ്പിച്ചത്. എന്നിരുന്നാലും, ഉദ്ഘാടനത്തിനുശേഷം സംസാരിക്കവെ, രാജീവ് ചന്ദ്രശേഖറിന് വോട്ട് ചെയ്ത് അദ്ദേഹം വിജയിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കേന്ദ്രമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. ശ്രീലേഖയുടെ പേരോ വട്ടിയൂർക്കാവ് മണ്ഡലമോ ജയശങ്കർ പരാമർശിച്ചില്ല. ഇതോടെ ശ്രീലേഖ വേദി വിട്ടു. ഒടുവിൽ നേതാക്കൾ അനുനയിപ്പിച്ച് അവരെ തിരികെ കൊണ്ടുവന്നുവെന്നായിരുന്നു വാർത്ത.

