ലക്നൗ : അയോധ്യ രാമക്ഷേത്രത്തിൽ ഭക്തരുടെ വഴിപാടുകൾ കൈകാര്യം ചെയ്യുന്നതിൽ കർശനമായ നിയമങ്ങളുമായി ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് . വഴിപാട് തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ നീക്കം .
അതേസമയം സംഭാവനകൾ എണ്ണുന്നതിൽ ഏർപ്പെട്ടിരുന്ന 23 ജീവനക്കാർ കൂട്ടത്തോടെ രാജിവച്ചു. ക്ഷേത്ര ഫണ്ടുകളുടെ വൻതോതിലുള്ള തട്ടിപ്പ് സംബന്ധിച്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കൂട്ട രാജി.
കരാർ ഏജൻസി വഴി എത്തിയവരാണ് രാജിവച്ച ജീവനക്കാർ. ബുധനാഴ്ച വൈകുന്നേരം ഷിഫ്റ്റ് പൂർത്തിയാക്കിയ ശേഷം, സംഭാവന എണ്ണലിന് മേൽനോട്ടം വഹിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തുളസി ഉദ്യാന ബ്രാഞ്ചിനും ബന്ധപ്പെട്ട സുരക്ഷാ ഏജൻസിക്കും അവർ രാജിക്കത്തുകൾ സമർപ്പിച്ചു . കർശനമായ പരിശോധനയോടെ പുതിയൊരു സംഘത്തെ നിയമിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ട്രസ്റ്റ് ആരംഭിച്ചിട്ടുണ്ട്.
മുമ്പ്, ഹൗസ് കീപ്പിംഗ് ജീവനക്കാർ അടക്കം പലപ്പോഴും സംഭാവന പെട്ടികളിൽ നിന്നുള്ള പണവും വിലപിടിപ്പുള്ള വസ്തുക്കളും എണ്ണുന്നതിൽ ഏർപ്പെട്ടിരുന്നു. പരിഷ്കരിച്ച സംവിധാനത്തിൽ, ഈ ജോലിക്കായി മാത്രം പ്രത്യേക സംഘത്തെ നിയമിക്കും. ഹൗസ് കീപ്പിംഗ് ഉദ്യോഗസ്ഥർക്ക് പണമോ വിലപിടിപ്പുള്ള വസ്തുക്കളോ കൈകാര്യം ചെയ്യാൻ അനുവാദമില്ല.
വഴിപാട് പണം എണ്ണിത്തിട്ടപ്പെടുത്താൻ നിയമിച്ചിരിക്കുന്ന ജീവനക്കാർ പോക്കറ്റില്ലാത്ത വസ്ത്രങ്ങൾ ധരിക്കണം. സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കുകയും, നിയമനത്തിനായി പോലീസ് ക്ലിയറൻസോടെയുള്ള സ്വഭാവ സർട്ടിഫിക്കറ്റുകൾ ഹാജരാക്കുകയും വേണം. എസ്ഐടി അന്വേഷണത്തിനിടെ ചൂണ്ടിക്കാണിച്ച സുരക്ഷാ പഴുതുകൾ അടയ്ക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ നടപടികൾ.
അതേസമയം ജൂലൈ 1 ന് 15 ദിവസത്തെ കാലാവധി നീട്ടി ലഭിച്ച എസ്ഐടി ജൂലൈ 15 നകം സംസ്ഥാന സർക്കാരിന് അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് വിവരം.

