പത്തനംതിട്ട : ശബരിമലയിലെ സ്പോട്ട് ബുക്കിംഗുകളുടെ എണ്ണം തീരുമാനിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചു. ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ ഇന്ന് പമ്പയിൽ നടന്ന അവലോകന യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ എടുത്തത്. പോലീസ് കോർഡിനേറ്റർ, എക്സിക്യൂട്ടീവ് ഓഫീസർ, സ്പെഷ്യൽ കമ്മീഷണർ എന്നിവരാണ് പ്രത്യേക സമിതിയിലെ അംഗങ്ങൾ.
ശബരിമലയിലെ ഭക്തരുടെ ദൈനംദിന തിരക്ക് കണക്കിലെടുത്ത് സ്പോട്ട് ബുക്കിംഗുകളുടെ എണ്ണം തീരുമാനിക്കും. ഇതോടെ സന്നിധാനത്തും പമ്പയിലും അനിയന്ത്രിതമായ തിരക്ക് നിയന്ത്രിക്കാൻ സാധിക്കും. ശബരിമലയിൽ ഇനിയും നടക്കാനിരിക്കുന്ന നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനും, സന്നിധാനത്തും പമ്പയിലും ഏകദേശം 400 ദിവസവേതനക്കാരുടെ ഒഴിവുകൾ നികത്താനും, ഭക്തരുടെ അടിസ്ഥാന ആവശ്യങ്ങൾ സുഗമമായി നടപ്പിലാക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്താനും യോഗം തീരുമാനിച്ചു.
ഹൈക്കോടതിയുടെ ശക്തമായ വിമർശനത്തിന് ശേഷമാണ് ഈ യോഗം നടന്നത് . കഴിഞ്ഞ ദിവസം സ്പോട്ട് ബുക്കിംഗ് നിയന്ത്രണങ്ങളിൽ ഹൈക്കോടതി ഇളവ് വരുത്തിയിരുന്നു. തീർത്ഥാടകരുടെ തിരക്ക് അനുസരിച്ച് ദേവസ്വം ബോർഡിനും പോലീസിനും തീരുമാനമെടുക്കാമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
വലിയ നടപ്പന്തലിൽ നിലവിൽ കാര്യമായ തിരക്കില്ലെന്ന് റിപ്പോർട്ടുകളുണ്ട്. അതേസമയം, ഇന്ന് ഉച്ചവരെ അരലക്ഷത്തോളം തീർത്ഥാടകർ അയ്യപ്പ ദർശനം നടത്തി.

