കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് . ആന്തരിക പരിക്കുകൾ മൂലമാണ് ബിന്ദു മരിച്ചതെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഭാരമുള്ള വസ്തുക്കൾ ശരീരത്തിൽ വീണ് ആന്തരിക പരിക്കുകൾ ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.
കോൺക്രീറ്റ് തൂണുകൾ വീണ് ബിന്ദുവിന്റെ തലയോട്ടി തകർന്നതായി ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. മുഖത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു. തലയോട്ടി തകർന്നതായും വാരിയെല്ലുകൾ തകർന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി ശ്വാസംമുട്ടിയാണ് ബിന്ദു മരിച്ചതെന്ന് വാദമുണ്ടായിരുന്നു. ഈ വാദങ്ങളെ നിരാകരിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നത്.
എന്നാൽ, അവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുക്കുമ്പോൾ ബിന്ദുവിന് ശ്വാസതടസം ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. ബിന്ദുവിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടിൽ നടന്നു. മകൻ നവനീത് അന്ത്യകർമങ്ങൾ നിർവഹിച്ചു. വലിരു ജനക്കൂട്ടമാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. രാവിലെ 10 മണിയോടെ ബിന്ദുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ള നേതാക്കളും വലിയൊരു ജനക്കൂട്ടവും അന്ത്യാഞ്ജലി അർപ്പിക്കാൻ ഇവിടെ എത്തിയിരുന്നു. അതേസമയം, കോട്ടയം മെഡിക്കൽ കോളേജിൽ യൂത്ത് കോൺഗ്രസും ബിജെപിയും പ്രതിഷേധ ധർണയും പ്രകടനവും നടത്തി.

