കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അന്തിമ റിപ്പോര്‍ട്ട് മാര്‍ച്ച് 31-ന് മുമ്പ് സമര്‍പ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. സ്വര്‍ണപ്പാളി പരിശോധനയ്ക്ക് ശേഖരിച്ചത് 36 സാമ്പിളുകളാണെന്നും കോടതിയെ അറിയിച്ചു. സ്വര്‍ണപ്പാളികള്‍ ജാംഷഡ്പൂരിലെ ലാബില്‍ പരിശോധന നടത്താന്‍ കോടതി അനുമതി നല്കി
ഹൈക്കോടതിയില്‍ ഇന്ന് ഇടക്കാല അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ തവണ ശബരിമലയിലെത്തി ദ്വാരപാലക ശില്പങ്ങളിലെ സാമ്പിളുകള്‍ പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചിരുന്നു. എത്രയും വേഗം പരിശോധനാഫലത്തിന്റെ റിപ്പോര്‍ട്ട് ലഭ്യമാക്കാനാകുമെന്ന വിവരമാണ് ജാംഷഡ്പൂരില് നിന്ന് ലഭിച്ചതെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ വ്യക്തമാക്കി.
ഈ റിപ്പോര്‍ട്ട് കൂടി ലഭിച്ചാല്‍ 31ാം തിയതിക്ക് മുന്‍പായി തന്നെ ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ടുള്ള കേസിന്റെ അന്തിമ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനാകുമെന്ന പ്രതീക്ഷയാണ് പ്രത്യേക അന്വേഷണ സംഘത്തിന് . അന്വേഷണ സംഘത്തിന് പ്രതികളുടെ ഫോണ്‍ വിവരങ്ങള്‍ കൈമാറാനും ടെലകോം കമ്പനികള്‍ക്ക് കോടതി നിര്‍ദ്ദേശം നല്കി.
കേസില്‍ തന്ത്രി കണ്ഠരര് രാജീവർക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു . തന്ത്രിക്കെതിരെ തെളിവുകള്‍ ഹാജരാക്കാനായില്ലെന്ന് കോടതി നിരീക്ഷിച്ചു. ക്ഷേത്രവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികള്‍ ദേവസ്വം ബോര്‍ഡിന്റെ ചുമതലയാണ്. പൂജകള്‍ ഉള്‍പ്പെടെയുള്ള താന്ത്രികപരമായുള്ള കാര്യങ്ങളില്‍ മാത്രമാണ് തന്ത്രിക്ക് ചുമതല. ഇക്കാര്യം ദേവസ്വം മാനുവലില്‍ വ്യക്തമാണ് . തന്ത്രിക്കെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലന്നും ഉത്തരവില്‍ പറയുന്നു.
അതേസമയം, കേസിലെ പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യഹര്‍ജിയില്‍ കൊല്ലം വിജിലന്‍സ് കോടതി വെളളിയാഴ്ച വിധി പറയും. കട്ടിളപ്പാളി കേസില്‍ റിമാന്‍ഡ് കാലാവധി 90 ദിവസം പൂര്‍ത്തിയായിരുന്നു.

