ന്യൂഡൽഹി: കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധിയുടെ ഡൽഹിയിലെ വസതിയിൽ നടന്ന പാർട്ടി യോഗത്തിൽ നിന്ന് വിട്ടുനിന്ന് എംപി ശശി തരൂർ . കോൺഗ്രസ് നേതൃത്വവുമായി ശശി തരൂർ അകലുന്നുവെന്ന് അഭ്യൂഹങ്ങൾക്കിടെയാണിത് .
മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പി ചിദംബരം, ജയറാം രമേശ്, പ്രമോദ് തിവാരി, മനീഷ് തിവാരി തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുത്ത യോഗം, വരാനിരിക്കുന്ന പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് തയ്യാറെടുക്കുന്നതിനായാണ് വിളിച്ചത്. സാമ്പത്തിക പ്രശ്നങ്ങളും തൊഴിലുറപ്പ് പദ്ധതിയും ചൂണ്ടിക്കാട്ടി ബിജെപിയെ ലക്ഷ്യം വയ്ക്കാനാണ് കോൺഗ്രസിന്റെ നീക്കം.
ദുബായിൽ നിന്ന് മടങ്ങുകയാണെന്നും പങ്കെടുക്കാൻ കഴിയില്ലെന്നും തരൂർ പാർട്ടിയെ അറിയിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട് . എന്നാൽ തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളെ കണ്ട തരൂർ, യോഗ അറിയിപ്പ് വളരെ വൈകിയാണ് ലഭിച്ചതെന്ന് വ്യക്തമാക്കി.. ‘അവർ എന്നെ ക്ഷണിക്കുന്നത് ഇന്നലെയോ മിനിഞ്ഞാന്നോ ആയിരുന്നു. അപ്പോഴേക്കും നാട്ടിലേക്ക് തിരിക്കാനുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.’ തരൂർ പറഞ്ഞു.
നാല് ദിവസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് തരൂർ കോൺഗ്രസ് ഉന്നതതല യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്. കഴിഞ്ഞയാഴ്ച, നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചർച്ചയിൽ നിന്നും അദ്ദേഹം വിട്ടുനിന്നു. ആ യോഗത്തിൽ പങ്കെടുക്കുമെന്ന് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും, ഒടുവിൽ അദ്ദേഹം എത്തിയില്ല. എന്നാൽ തനിക്ക് പറയാനുള്ളത് പാർട്ടിയ്ക്കുള്ളിൽ പറഞ്ഞുവെന്നും , ചെയ്തിട്ടുണ്ടെന്നും പരസ്യമായി പ്രതികരിക്കില്ലെന്നുമാണ് തരൂരിന്റെ നിലപാട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും പ്രശംസിക്കുന്നതിന്റെ പേരിൽ നിലവിൽ കോൺഗ്രസ് നേതൃത്വവുമായി അകൽച്ചയിലാണ് തരൂർ.

