കൊച്ചി: നടൻ മോഹൻലാലിനെതിരായ ആനക്കൊമ്പുകളുടെ കേസിൽ നിർണായക നടപടിയുമായി ഹൈക്കോടതി. ആനക്കൊമ്പുകൾക്ക് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് മോഹൻലാലിന് നൽകിയ വനംവകുപ്പിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. അത് നിയമപരമായി സാധുതയുള്ളതല്ലെന്നും കോടതി വ്യക്തമാക്കി. വനംവകുപ്പ് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ബഞ്ച് സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു.
2011 ഡിസംബർ 21-ന് എറണാകുളത്തെ തേവരയിലുള്ള മോഹൻലാലിന്റെ വസതിയിൽ ആദായനികുതി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ രണ്ട് ജോഡി ആനക്കൊമ്പുകൾ കണ്ടെത്തിയിരുന്നു . 2016 ജനുവരി 16-ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ മോഹൻലാലിന് ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകി.
ആനക്കൊമ്പ് കേസിൽ മോഹൻലാലിനെതിരായ കേസ് സർക്കാർ പിൻവലിച്ചിരുന്നു. 2011-ൽ പെരുമ്പാവൂർ കോടതി ഈ നടപടി റദ്ദാക്കുകയും കേസിൽ മോഹൻലാലിനെ നേരിട്ട് ഹാജരാകാൻ ഉത്തരവിടുകയും ചെയ്തു. ഇതിനെതിരെ മോഹൻലാൽ ഹൈക്കോടതിയിൽ ഹർജി നൽകി. തുടർന്ന് കോടതി സ്റ്റേ അനുവദിച്ചു. കേസിൽ ഇന്നാണ് അന്തിമ വിധി വന്നത്.മോഹൻലാലിന് ഉടമസ്ഥതാ സർട്ടിഫിക്കറ്റ് അനുവദിച്ച രീതി ശരിയല്ലെന്ന ഹർജിക്കാരുടെ വാദം ഈ ഘട്ടത്തിൽ വിശദമായി പരിഗണിക്കുന്നില്ലെന്നു കോടതി പറഞ്ഞു. പത്തനംതിട്ട കലഞ്ഞൂർ സ്വദേശി ജയിംസ് മാത്യു, കൊച്ചി സ്വദേശി എ.എ.പൗലോസ് എന്നിവരാണ് ഹർജിക്കാർ.

