തിരുവനന്തപുരം: തിരുവനന്തപുരം കണ്ണാശുപത്രിയിൽ ഗുരുതര പിഴവ് വരുത്തിയ ഡോക്ടർക്ക് സസ്പെൻഷൻ. അസിസ്റ്റന്റ് പ്രൊഫസർ എസ്.എസ്. സുജീഷിനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. ഇടത് കണ്ണിൽ നൽകേണ്ട കുത്തിവയ്പ്പ് വലത് കണ്ണിൽ എടുക്കുകയായിരുന്നു.
ബീമാപ്പള്ളി സ്വദേശിയായ അസൂറാ ബീവി എന്ന 51 കാരി കാഴ്ച മങ്ങിയതിനാൽ ഇടത് കണ്ണിന് ചികിത്സ തേടിയിരുന്നു . കഴിഞ്ഞ ഒരു ആഴ്ചയായി അവർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു . അപ്പോഴാണ് കണ്ണുകളിൽ വീക്കം ഉണ്ടെന്ന് കണ്ടെത്തിയത്. ചൊവ്വാഴ്ച ശസ്ത്രക്രിയ നടത്താനും തീരുമാനിച്ചു.
ശസ്ത്രക്രിയക്ക് മുന്നോടിയായി നല്കുന്ന കുത്തിവെപ്പാണ് കണ്ണ് മാറി ഡോക്ടര്‍ നല്‍കിയത്. രോഗിയുടെ ആരോഗ്യനിലയില്‍ ഗുരുതരമായ പ്രശ്നമില്ലെങ്കിലും ഡോക്ടറുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. രോഗിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

