റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനം അടുത്ത വർഷം ഉണ്ടാകുമെന്ന് സൂചന . വധശിക്ഷയിൽ നിന്ന് മോചിതനായ അബ്ദുൾ റഹീമിന് കൂടുതൽ ശിക്ഷ നൽകണമെന്ന പ്രോസിക്യൂഷന്റെ ഹർജി സൗദി സുപ്രീം കോടതി തള്ളി .20 വർഷത്തെ തടവ് മതിയെന്ന വാദം കോടതി ശരിവച്ചു. ഹർജി തള്ളിയതോടെ റഹീമിനെതിരെ കൂടുതൽ നടപടികളൊന്നും സ്വീകരിക്കില്ല. ശിക്ഷ പൂർത്തിയാക്കിയ ശേഷം റഹീമിന് അടുത്ത വർഷം ജയിൽ മോചനം ലഭിച്ചേക്കാം.
2006-ൽ കൗമാരക്കാരന്റെ അപകട മരണത്തിൽ പ്രതിയായ അബ്ദുൾ റഹീം നിലവിൽ സൗദി ജയിലിലാണ്. മരിച്ച കുട്ടിയുടെ കുടുംബത്തിന് 1.5 ദശലക്ഷം സൗദി റിയാലിന്റെ (ഏകദേശം 34 കോടി രൂപ) ബ്ലഡ് മണി നൽകിയതിനെത്തുടർന്ന് ജൂലൈ 2 ന് അബ്ദുൾ റഹീമിന്റെ വധശിക്ഷ റദ്ദാക്കി. തുടർന്ന് കോടതി 20 വർഷത്തെ തടവിന് ശിക്ഷിച്ചു. 2026 ഡിസംബറിൽ കേസ് 20 വർഷം പൂർത്തിയാകും. അന്തിമ വിധി സുപ്രീം കോടതിയുടെ പരിഗണനയിലായിരുന്നു
പ്രോസിക്യൂഷന്റെ അപ്പീലിനെതിരെ അബ്ദുൾ റഹീമിന്റെ അഭിഭാഷകർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരുന്നു. കേസിന്റെ നടപടികൾ പൂർത്തിയാക്കാൻ അബ്ദുൾ റഹീമിന്റെ അഭിഭാഷകരായ റെനയും അബു ഫൈസലും പവർ ഓഫ് അറ്റോർണി സിദ്ദിഖ് തുവ്വൂരും അപ്പീൽ കോടതിയിലും സുപ്രീം കോടതിയിലും ഹാജരായിരുന്നു.

