തിരുവനന്തപുരം: ശബരിമലയിൽ സ്വർണ്ണമോഷണ കേസിൽ ജയിൽ മോചിതനായ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയിൽ നിന്നുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിർത്തതിനുള്ള പ്രതികാരമായാണ് സ്വർണ്ണമോഷണ കേസിൽ തന്നെ പ്രതി ചേർത്തതെന്ന് ജാമ്യാപേക്ഷയിൽ പറയുന്നു. ശബരിമലയെ എല്ലാ ദിവസവും തുറന്നിരിക്കുന്ന ക്ഷേത്രമാക്കി മാറ്റാനുള്ള സർക്കാരിന്റെ നീക്കം താൻ തടഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ഗുരുതരമായ ആരോപണങ്ങളാണ് ജാമ്യാപേക്ഷയിൽ പറയുന്നത്. അറസ്റ്റ് തനിക്കെതിരായ പ്രതികാര നടപടിയാണെന്നാണ് തന്ത്രിയുടെ പ്രധാന വാദം. ഭരണകക്ഷിയെ പ്രീതിപ്പെടുത്താൻ ചില പോലീസ് ഉദ്യോഗസ്ഥർ ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാൻ ശ്രമിച്ചതായും അവരെ താൻ തടഞ്ഞതായും അദ്ദേഹം പറയുന്നു . ക്ഷേത്രകാര്യങ്ങളിൽ രാഷ്ട്രീയ ഇടപെടൽ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ‘സ്ത്രീകളെ പ്രവേശിപ്പിക്കാൻ ശ്രമങ്ങൾ നടന്നപ്പോൾ, പൂജകൾ നിർത്തുമെന്നും അത് ക്ഷേത്രത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുമെന്നും ഞാൻ മുന്നറിയിപ്പ് നൽകിയിരുന്നു.മാത്രമല്ല, ശബരിമലയെ എല്ലാ ദിവസവും തുറക്കുന്ന ക്ഷേത്രമാക്കാൻ സർക്കാർ പദ്ധതിയിട്ടു. ആ ശ്രമവും പരാജയപ്പെട്ടു. പ്രതികാരം ചെയ്യാനുള്ള കാരണങ്ങൾ ഇവയാണ്,’ തന്ത്രി വ്യക്തമാക്കി.
ജാമ്യ ഹർജിയിൽ പ്രത്യേക അന്വേഷണ സംഘത്തിനെതിരെയും തന്ത്രി ആരോപണങ്ങൾ ഉന്നയിച്ചു. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിലേക്ക് കൊണ്ടുവന്നത് താനാണെന്ന് വരുത്തിത്തീർക്കാൻ അന്വേഷണ സംഘം ചില കാര്യങ്ങൾ മറച്ചുവെച്ചതായും ജാമ്യ ഹർജിയിൽ ആരോപിക്കുന്നു .
‘ക്ഷേത്രത്തിലെ ആചാരങ്ങളിലും പൂജകളിലും മാത്രമാണ് തന്ത്രിയുടെ സ്ഥാനം. ക്ഷേത്രത്തിന്റെ ഭരണപരമായ കാര്യങ്ങളിലോ സ്വത്തുക്കളുടെ നടത്തിപ്പിലോ അദ്ദേഹത്തിന് നിയമപരമായ അധികാരമില്ല. ദേവസ്വം മാനുവൽ അനുസരിച്ച്, ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെയും പവിത്രമായ ആഭരണങ്ങളുടെയും സംരക്ഷണവും കണക്കെടുപ്പും ദേവസ്വം കമ്മീഷണറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും മാത്രം ഉത്തരവാദിത്തമാണ്. ഭരണപരമായ ക്രമക്കേടുകൾ തടയാൻ എനിക്ക് നിയമപരമായ ബാധ്യതയില്ല. അതിനാൽ, അത്തരം കാര്യങ്ങളിൽ പ്രതികരിക്കാതിരിക്കുന്നത് ക്രിമിനൽ ഗൂഢാലോചനയായി കാണാനാവില്ല,’ എന്നും തന്ത്രിയുടെ ജാമ്യ ഹർജിയിൽ പറയുന്നു.
കേസിൽ തന്ത്രിക്കെതിരെ ഒരു തെളിവും ഹാജരാക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് കഴിയാത്തതിനെ തുടർന്ന് കൊല്ലം വിജിലൻസ് കോടതി അദ്ദേഹത്തിന് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. സ്വർണ്ണാഭരണങ്ങൾ ഉൾപ്പെടെ പലതും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ദേവസ്വം ബോർഡിനാണെന്നും ആചാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രം തന്ത്രിയുടെ ഉത്തരവാദിത്തമാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

