മലപ്പുറം: മലപ്പുറത്തെ സ്കൂളിൽ സ്വാതന്ത്ര്യദിനത്തിൽ വിദ്യാർത്ഥികൾ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി . തിരൂരിലെ ആലത്തിയൂർ കെഎച്ച്എംഎച്ച് സ്കൂളിലാണ് സംഭവം. പരിപാടിയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് പ്രധാനാധ്യാപിക എം ബിന്ദുവിനെതിരെ നിരവധി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. അതിനു പിന്നാലെയാണ് വി ശിവൻകുട്ടി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് നിർദ്ദേശിച്ചത്.
ഗണഗീതമാണെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നാണ് അധ്യാപകർ പറയുന്നത് . വിദ്യാർത്ഥികൾ ഇത് യൂട്യൂബിൽ നിന്ന് പഠിച്ചതാണെന്നും അവർ പറയുന്നു . മറ്റ് വിദ്യാർത്ഥികൾ പകർത്തിയ വീഡിയോ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ചു, തുടർന്ന് സോഷ്യൽ മീഡിയയിൽ അടിക്കുറിപ്പോടെ പങ്കുവച്ചു. ഇതേത്തുടർന്ന് ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ്, എസ്ഡിപിഐ തുടങ്ങിയ സംഘടനകൾ സ്കൂളിൽ പ്രതിഷേധ പ്രകടനം നടത്തി.
നടപടിയെടുക്കുമെന്ന് ഹെഡ്മിസ്ട്രസ് രേഖാമൂലം ഉറപ്പുനൽകിയതിനെത്തുടർന്നാണ് പ്രതിഷേധം അവസാനിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് സ്കൂളിൽ പി.ടി.എ യോഗം ചേർന്നിരുന്നു. കുട്ടികൾ പാട്ട് ഓൺലൈനിൽ നിന്ന് പഠിച്ചതാണെന്നും, അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി. ഡെപ്യൂട്ടി ഡയറക്ടർക്ക് നൽകിയ റിപ്പോർട്ടിൽ, പ്രതിഷേധങ്ങൾക്ക് ശേഷമാണ് വിഷയം തന്റെ ശ്രദ്ധയിൽപ്പെട്ടതെന്ന് ഹെഡ്മിസ്ട്രസ് ചൂണ്ടിക്കാട്ടി.
“ഇത് മനഃപൂർവമായ പ്രവൃത്തിയല്ല. വീഡിയോ സ്കൂളിന്റെ പേജിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. എല്ലാ മേഖലകളിലും മികച്ച പ്രകടനം കാഴ്ചവച്ച ഒരു സ്കൂളാണിത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഞങ്ങൾ ജാഗ്രത പാലിക്കും,” പിടിഎ പ്രസിഡന്റ് എൻ. ഗഫൂർ പറഞ്ഞു.

