കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മകൻ നവനീതിന് സർക്കാർ ജോലി നൽകും. ഇന്ന് ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ബിന്ദുവിന്റെ മരണവുമായി ബന്ധപ്പെട്ട് വിമർശനങ്ങൾ തുടരുന്നതിനിടെയാണ് സർക്കാരിന്റെ പുതിയ നീക്കം. ബിന്ദുവിന്റെ വീട് സന്ദർശിച്ച മന്ത്രിമാരായ വി എൻ വാസവനും വീണ ജോർജും സർക്കാർ അവർക്കൊപ്പമുണ്ടാകുമെന്ന് ഉറപ്പുനൽകിയിരുന്നു.
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന നാഷണൽ സർവീസ് സ്കീം വഴി ബിന്ദുവിന്റെ വീട് പുതുക്കിപ്പണിയുമെന്ന് മന്ത്രി ബിന്ദു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇക്കാര്യം ബിന്ദുവിന്റെ ഭർത്താവ് വിശൃതനെയും അമ്മ സീതമ്മയെയും മന്ത്രി ഫോണിൽ അറിയിച്ചു. നാഷണൽ സർവീസ് സ്കീം ഉദ്യോഗസ്ഥർ എത്രയും വേഗം ആവശ്യമായ നടപടികൾ സ്വീകരിക്കും. നിർമ്മാണം കാലതാമസമില്ലാതെ ആരംഭിക്കും.
ജൂലൈ 3 നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പഴയ കെട്ടിടം തകർന്ന് ബിന്ദു മരിച്ചത് . കെട്ടിടത്തിന്റെ ഒരു ഭാഗം ടോയ്ലറ്റ് അടക്കം തകർന്നു. അപകടത്തിൽ ഒരു കുട്ടിയുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച മകൾ നവമിയ്ക്കൊപ്പം കൂട്ടു നിൽക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

