ന്യൂഡൽഹി: ഈസ്റ്റർ ദിവസം ജെഇഇ മെയിൻ രണ്ടാംഘട്ട പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു ദിവസം പരീക്ഷാ സൗകര്യം ഒരുക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഇക്കാര്യത്തിൽ ഉറപ്പ് നൽകിയതായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു.
ഏപ്രിൽ 2 മുതൽ 10 വരെയാണ് പരീക്ഷാ തീയതികൾ. ഈസ്റ്റർ ദിനമായ ഏപ്രിൽ അഞ്ചാം തീയതിയിലെ പരീക്ഷ മാറ്റാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഇതിനായി അപേക്ഷ നൽകാം. Jeemain.query@nta.ac.in എന്ന ഈമെയിൽ വിലാസത്തിലേക്ക് വിദ്യാർത്ഥികളുടെ വിവരങ്ങൾ അയക്കാവുന്നതാണ്. മാർച്ച് 28 വരെയാണ് അപേക്ഷകൾ അയക്കേണ്ട അവസാന തീയതി.
ഈ വിഷയത്തിൽ കർദിനാൾ ബസേലിയോസ് ക്ലിമീസ് ബാവ സുരേഷ് ഗോപിക്ക് നിവേദനം നൽകിയിരുന്നു. ഇതേ തുടർന്നാണ് അടിയന്തരമായി കേന്ദ്ര വിദ്യാഭ്യാസ വകുപ്പുമായി സുരേഷ് ഗോപി ബന്ധപ്പെട്ടത്.

