ഇടുക്കി : ഇടുക്കിയിൽ നടക്കുന്ന സർക്കാരിന്റെ വാർഷികാഘോഷങ്ങളിൽ റാപ്പർ വേടന്റെ സംഗീത പരിപാടിയും. . കഞ്ചാവ്, പുലിപ്പല്ല് കേസുകളിൽ അറസ്റ്റിലായി ജാമ്യം ലഭിച്ചതിന് ശേഷമുള്ള വേടന്റെ ആദ്യ പരിപാടിയാണിത്. ഇടുക്കിയിൽ നടക്കുന്ന സർക്കാരിന്റെ എന്റെ കേരളം എക്സ്പോയിലാണ് വേടന് വീണ്ടും വേദി അനുവദിച്ചത്.
ഏപ്രിൽ 29 ന് ഇടുക്കിയിൽ വേടൻ പരിപാടി അവതരിപ്പിക്കാനിരുന്നു. സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുമായി ബന്ധപ്പെട്ടായിരുന്നു പരിപാടി. എന്നാൽ ഏപ്രിൽ 24 ന് കഞ്ചാവുമായി വേടനെ പോലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് ജില്ലാ ഭരണകൂടം ഇടുക്കിയിലെ പരിപാടി റദ്ദാക്കിയിരുന്നു . എങ്കിലും, ജാമ്യം ലഭിച്ച് ദിവസങ്ങൾക്ക് ശേഷം, സർക്കാർ വീണ്ടും വേടന് വേദി അനുവദിക്കുകയായിരുന്നു . നാളെ വൈകുന്നേരം വാഴത്തോപ്പ് സ്കൂൾ ഗ്രൗണ്ടിൽ വേടന്റെ ഷോ നടക്കും.
അതേസമയം, സർക്കാർ വേടന് വേദികൾ നിഷേധിക്കില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ ഉറപ്പ് നൽകിയിരുന്നു. ഗായകനെതിരെ വനം വകുപ്പ് രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കണമെന്നും ശ്രീലങ്കക്കാരിയായ അമ്മയെ പരാമർശിച്ച് വംശീയമായി അധിക്ഷേപിച്ച കോടനാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കേരള ദളിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി രാമഭദ്രൻ, സെക്രട്ടറി ഡോ. വിനീത വിജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയെ കാണാൻ എത്തിയിരുന്നു.

