തിരുവനന്തപുരം: മുൻ എംപിയും കേന്ദ്ര സഹമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് . ബിജെപിയുടെ കേന്ദ്ര നേതൃത്വം രാജീവ് ചന്ദ്രശേഖറിന്റെ പേര് നിർദേശിച്ചതായാണ് സൂചന . പ്രഹ്ലാദ് ജോഷിയുടെ അധ്യക്ഷതയിൽ ചേർന്ന പാർട്ടിയുടെ കോർ കമ്മിറ്റി യോഗം തിരുവനന്തപുരത്ത് നടന്നിരുന്നു. ഇതിലാണ് രാജീവ് ചന്ദ്രശേഖറിന്റെ പേര് ഉയർന്നത്.രാജീവ് ചന്ദ്രശേഖറിനുവേണ്ടി കേന്ദ്ര നേതൃത്വം വാദിച്ചതോടെ മത്സരം ഒഴിവാക്കപ്പെട്ടു . അദ്ദേഹം ഇന്ന് ഞായറാഴ്ച ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കും.
ഉച്ചകഴിഞ്ഞ് 3 മണി വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന വൈകുന്നേരം 4 മണിക്ക് നടക്കും. തിങ്കളാഴ്ച നടക്കുന്ന സംസ്ഥാന കൗൺസിൽ യോഗത്തിന് ശേഷം പാർട്ടിയുടെ പുതിയ പ്രസിഡന്റിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. പാർട്ടിയുടെ സംസ്ഥാന റിട്ടേണിംഗ് ഓഫീസർ നാരായണൻ നമ്പൂതിരി ശനിയാഴ്ച തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു
അഞ്ച് വർഷത്തെ കാലാവധി എന്ന വ്യവസ്ഥയിൽ പാർട്ടി വിട്ടുവീഴ്ച ചെയ്തേക്കാമെന്നും വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുകളും നിയമസഭാ തിരഞ്ഞെടുപ്പുകളും കണക്കിലെടുത്ത് കെ സുരേന്ദ്രന് കാലാവധി നീട്ടി നൽകുമെന്നും അഭ്യൂഹങ്ങൾ വന്നിരുന്നു. ബിജെപി കേരള പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി മുതിർന്ന പാർട്ടി നേതാക്കളായ എം ടി രമേശ്, ശോഭ സുരേന്ദ്രൻ എന്നിവരുടെ പേരുകളും ഉയർന്നു കേട്ടിരുന്നു.രണ്ടാം മോദി സർക്കാരിൽ ഐടി ആന്റ് ഇലക്ട്രോണിക്സിന്റെയും നൈപുണ്യവികസനത്തിന്റെയും ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയായിരുന്നു അദ്ദേഹം. കര്ണാടകയില്നിന്ന് മൂന്ന് തവണ രാജ്യസഭയിലെത്തി.