തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . കർണാടക-ലക്ഷദ്വീപ് തീരത്ത് ഇന്ന് മുതൽ ഒക്ടോബർ 29 വരെയും മത്സ്യബന്ധനം നടത്തരുതെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു.
കേരള തീരത്തും സമീപ കടൽ പ്രദേശങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിലും ചിലപ്പോൾ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റുവീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ഇന്ന് ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചേക്കാം. തിങ്കളാഴ്ച സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ട്.
തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു . 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് കാലാവസ്ഥാ വകുപ്പ് കനത്ത മഴയായി നിർവചിക്കുന്നത്.

