തിരുവനന്തപുരം : സംസ്ഥാനത്ത് താപനില ഉയർന്നു വരുന്ന സാഹചര്യത്തിൽ ആശ്വാസമായി വീണ്ടും മഴ വരുന്നു. രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകൾക്കാണ് അലർട്ട്.
അടുത്ത ഞായറാഴ്ചയോടെ സംസ്ഥാനത്ത് മഴയെത്തും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. 24 മണിക്കൂറിൽ 64. 5 മി. മീ മുതൽ 115.5 മി മീ വരെ മഴ ലഭിക്കുവാനും, ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കുമാണ് സാധ്യത. കൂടാതെ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശവും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കേരള – കർണാടക – ലക്ഷ്യദീപ് തീരങ്ങളിൽ ഇന്ന് (17/1/2025) മത്സ്യബന്ധനത്തിന് തടസ്സം ഇല്ലെന്നും കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പുണ്ട് .
ഇന്ന് (17/ 1/2025) തെക്കൻ തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം, അതിനോട് ചേർന്ന് ഗൾഫ് ഓഫ് മന്നാർ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങൾ, അതിനോട് ചേർന്ന തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റിനും സാധ്യത അറിയിച്ചിട്ടുണ്ട്.
അതോടൊപ്പം നാളെ (18/1/2025)തെക്കൻ തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം, അതിനോട് ചേർന്ന് ഗൾഫ് ഓഫ് മന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും വേഗതയിലുള്ള കാറ്റിനും സാധ്യത അറിയിച്ചിട്ടുണ്ട്.
(19/ 1/2025) തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മി.മീ മുതൽ 115.5 മി.മീ വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയാണ് പ്രവചിച്ചത്.
18, 19 തീയതികളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട് .