തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ ഖേൽക്കറെ തെരഞ്ഞെടുത്തതിൽ എന്തിനാണ് വിവാദമെന്ന് വി ഡി സതീശൻ . തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ജോലി കഴിഞ്ഞു. ബംഗാളിലെ വിഷയം കഴിഞ്ഞു . കേരളത്തിൽ എസ് ഐ ആറിനെ പറ്റി പരാതികളൊന്നും ഉണ്ടായിരുന്നില്ലെന്നും വി ഡി സതീശൻ പറഞ്ഞു. നളിനി നെറ്റോയുടെ നിയമനം ചൂണ്ടിക്കാട്ടിയായിരുന്നു സതീശന്റെ വിശദീകരണം.
ഖേൽക്കർക്കെതിരെ എന്തെങ്കിലും ആരോപണമുണ്ടായിരുന്നോ ? പിണറായി സർക്കാരാണ് ചീഫ് ഇലക്ടറൽ ഓഫീസറായി രത്തൻ ഖേൽക്കറെ ശുപാർശ ചെയ്തത് . യുഡിഎഫിന് 102 സീറ്റ് വാങ്ങിത്തന്നത് ഖേൽക്കറാണോ എന്നും വിഡി സതീശൻ ചോദിച്ചു .
‘ എന്താണ് വിവാദത്തിന്റെ അടിസ്ഥാനം . അദ്ദേഹം സംസ്ഥാന സർവീസിൽ ഉള്ള ആളാണ് . സർക്കാർ നൽകുന്ന പാനലിൽ നിന്ന് തെരഞ്ഞെടുപ്പ് നടത്താൻ വേണ്ടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാണ് നിയമനം നടത്തുന്നത് . തെരഞ്ഞെടുപ്പ് നടത്തിക്കഴിഞ്ഞാൽ ആ ജോലി കഴിഞ്ഞു.
നളിനി നെറ്റോ ചീഫ് ഇലക്ടറൽ ഓഫീസറായിരുന്നു. അതിനു ശേഷം ചീഫ് സെക്രട്ടറി സ്ഥാനത്തേക്കും, ആഭ്യന്തരത്തിലേയ്ക്കും , മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്കും വന്നു. ഇതിനു മുൻപുള്ള എല്ലാവരും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് പോകും.
ബംഗാളുമായിട്ടാണ് ഖേൽക്കറുടെ നിയമനത്തെ താരതമ്യം ചെയ്യുന്നത് . എന്നാൽ ബംഗാളിൽ തൃണമൂൽ കോൺഗ്രസും , സിപിഎമ്മും , കോൺഗ്രസും ഗുരുതര ആരോപണമാണ് തെരഞ്ഞെടുപ്പ് ഓഫീസർക്കെതിരെ ഉന്നയിക്കുന്നത് . വ്യാപകമായ തോതിൽ എസ് ഐ ആറിൽ നിന്ന് വോട്ടുകൾ നീക്കം ചെയ്തുവെന്നാണ് ആരോപണം . അങ്ങനെ ഒരു പരാതി ഇവിടെ രത്തൻ ഖേൽക്കർക്കെതിരെ ആരും ഉന്നയിച്ചിട്ടില്ല. പ്രതിപക്ഷ നേതാവായിരുന്ന ഞാനാണ് അന്ന് അദ്ദേഹത്തിന് ഏറ്റവും കൂടുതൽ പരാതി നൽകിയത്. അല്ലാതെ ഒരാളും അദ്ദേഹത്തിനെതിരെ പരാതി ഉന്നയിച്ചിട്ടില്ലെന്നും ‘ വിഡി സതീശൻ പറഞ്ഞു.

